പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷൻവിതരണം, റേഷൻകട നടത്തിപ്പ്, റേഷൻ സാധനങ്ങളുടെ ഗുണനിലവാരം, തൂക്കകുറവ്, റേഷൻ വിഹിതം ലഭിക്കാതിരിക്കുക, ബിൽ നൽകാതിരിക്കുക തുടങ്ങിയവയിൽ കാർഡുടമകൾക്കും ഗുണഭോക്താക്കൾക്കുമുളള പരാതികൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാതലത്തിൽ ജില്ലാ പരാതി പരിഹാര ഓഫീസർ (ഡി.ജി.ആർ.ഒ) പ്രവർത്തിച്ചു വരുന്നതായി ജില്ലാ സപ്ലൈ ഓഫീസർ എം.എസ് ബീന അറിയിച്ചു. എ.ഡി.എമ്മിന്റെ ഓഫീസിന് പുറമെ, ജില്ലാ സപ്ലൈ ഓഫീസിലും കളക്ടറേറ്റിൽ പുതുതായി ഉദ്ഘാടനം ചെയ്ത ഉപഭോക്തൃ സഹായകേന്ദ്രത്തിലും പരാതികൾ സ്വീകരിക്കും. പൊതുവിതരണ വകുപ്പിന് നിലവിലുളള ഓൺലൈൻ പരാതി പരിഹാര പോർട്ടൽ ഉൾപ്പെടെയുളള പരാതി പരിഹാര സംവിധാനങ്ങൾക്ക് പുറമെയാണിത്. സംശയങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസിൽ ബന്ധപ്പെടാം. ഫോൺ : 0468 2222612.