പത്തനംതിട്ട :'ഇനി ഞാൻ ഒഴുകട്ടെ, നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്' എന്ന നീർച്ചാലുകളുടെ പുനരുജ്ജീവന ക്യാമ്പയിനുമായി ഹരിത കേരളം മിഷൻ. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 57 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ 66 നീർച്ചാലുകൾ ശുചീകരിക്കും. ശുചീകരണ യജ്ഞത്തിന് രൂപം നൽകുന്നതിന് ഹരിത കേരളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു.
ഹരിത കേരളം മിഷന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഡിസംബർ പതിനാല് മുതൽ ഇരുപത്തിരണ്ട് വരെ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലസേചന വകുപ്പിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെ ജനകീയമായി ഏകദിന ശുചീകരണ ക്യാമ്പയിൻ നടത്താനാണ് തീരുമാനം. നീർത്തട മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയിൽ വരുന്ന പ്രധാന പുഴകളുടെ നീർച്ചാലുകളും കൈത്തോടുകളുമാണ് ശുചീകരണത്തിനായി നിർദേശിച്ചിരുന്നത്. ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം കുളനട ഗ്രാമപഞ്ചായത്തിൽ നടത്തും.
യന്ത്രങ്ങൾ കൊണ്ട് പുഴകളെയും നീർച്ചാലുകളെയും വീണ്ടെടുക്കാം എന്നാൽ അവ ജനകീയമായി ചെയ്താൽ ഓരോ തോടും പുഴയും ഓരോരുത്തരുടെയും സ്വത്താണ് എന്ന വികാരം ജനിക്കും. ഈ കാരണം കൊണ്ടാണ് ഇനി ഞാൻ ഒഴുകട്ടെ എന്ന പദ്ധതി ജനകീയ ക്യാമ്പയിനാക്കി മാറ്റുവാൻ തീരുമാനിച്ചത്.
മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ സി.രാജശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് ചെയർമാൻ അനിൽ മേരി ചെറിയാൻ, പന്തളം നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതി, ജില്ലാ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

തോടുകൾക്കും പുഴകൾക്കും ക്ഷാമമില്ലാത്ത നമ്മുടെ നാട്ടിൽ കുടിവെള്ളക്ഷാമം ഉണ്ടാകുന്നു. കുടിക്കുവാൻ ശുദ്ധജലം ഇല്ലാതായിരിക്കുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. ജനകീയമായി പുഴകളെ വീണ്ടെടുക്കേണ്ടത് ഒരോരുത്തരുടെയും ഉത്തരവാദിത്തമായി കാണണം.

അന്നപൂർണാദേവി

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജനകീയ ശുചീകരണ പ്രവർത്തനമായതിനാൽ എല്ലാവിധ പ്രതിരോധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ആർ.രാജേഷ്

ജില്ലാ കോഓർഡിനേറ്റർ,

ഹരിത കേരളം മിഷൻ

ജില്ലയിലെ 66 നീർച്ചാലുകൾ ശുചീകരിക്കാൻ പദ്ധതി