പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യൂവജനക്ഷേമബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന് വർണാഭമായ തുടക്കം. കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വർണാഭമായ ഘോഷയാത്ര മാന്തുക എൽ.പി സ്​കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച് ഉദ്ഘാടന വേദിയായ കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപിച്ചു. തെയ്യം, ശിങ്കാരിമേളം, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെ വിവിധ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഘോഷയാത്ര നടന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുകയും, സംസ്ഥാന സ്​കൂൾ അത്‌​ലറ്റിക് മീറ്റിൽ സമ്മാനാർഹരായവരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.റജി തോമസ്, എലിസബത്ത് അബു. ലീലാ മോഹൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിനീത അനിൽ, ബിനിലാൽ, അഡ്വ.ആർ.ബി.രാജീവ് കുമാർ, ടി.മുരികേശ്, പന്തളം നഗരസഭാ അദ്ധ്യക്ഷ ടി.കെ.സതി, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, വാർഡ് അംഗം ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോൺസൺ പ്രേംകുമാർ, സംസ്ഥാന നോഡൽ ഓഫീസർ ഡോ.ശരത്.എസ്.നായർ, ജില്ലാ യുവജന ക്ഷേമ ഓഫീസർ ആർ.ശ്രീലേഖ, ജില്ലാ യൂത്ത് കോ​ഓർഡിനേറ്റർ ആർ ജയൻ, കുടുംബശ്രീ ചെയർപേഴ്‌​സൺ ശ്രീജ സുരേഷ് എന്നിവർ പ്രസംഗിച്ചു. വിവിധ വേദികളിലായി ഭരതനാട്യം, കേരള നടനം, കഥാരചന, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടക്കുന്നു.