pipe
ചെത്തോങ്കര -അത്തിക്കയം റോഡിൽ പൈപ്പ് സ്ഥാപിക്കുന്ന ജാേലി പുരോഗമിക്കുന്നു

റാന്നി: ചെത്തോങ്കര -അത്തിക്കയം റോഡ് വികസനത്തിന്റെ ഭാഗമായി റോഡിന്റെ വീതി കൂട്ടൽ ജോലികളോടോപ്പം വാട്ടർ അതോറിറ്റി തുടങ്ങി വച്ച പൈപ്പ് സ്ഥാപിക്കൽ ജോലികൾ അവസാന ഘട്ടത്തിലേക്ക്. പൈപ്പിടാനായി നിറുത്തിവച്ച ടാറിംഗ് ജോലികൾ അടുത്തയാഴ്ചയോടെ പുനരാരംഭിക്കും.അതിനു മുമ്പായി ഈയാഴ്ച തന്നെ റോഡിലെ കുഴികളും പൈപ്പിടീലും പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇതിനായി ഒരേ സമയം പല സ്ഥലങ്ങളിലായി മണ്ണുമാന്തി ഉപയോഗിച്ച് പാറ പൊട്ടിച്ചു മാറ്റിയും പൈപ്പിടീൽ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഏഴു കോടിയോളം രൂപ മുതൽ മുടക്കിൽ ബി.എം.ആൻഡ് ബിസി നിലവാരത്തിൽ ടാറിംഗ് നടത്താൻ ലക്ഷ്യമിട്ട് ചെത്തോങ്കര അത്തിക്കയം റോഡിന്റെ നിർമ്മാണ ജോലികൾ രണ്ടാഴ്ച മുമ്പ് തുടങ്ങിയതാണ്. റോഡ് ചെറിയ തോതിൽ വീതി കൂട്ടി ടാറിംഗ് നടത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.

സ്വകാര്യമതിലും ഗേറ്റും പുന:സ്ഥാപിക്കണമന്ന് വ്യവസ്ഥ

റോഡുപണി ആരംഭിച്ചപ്പോൾ മുതൽ പണികൾ വേഗതയിലാണ് നടന്നതെങ്കിലും ടാറിംഗ് പൂർത്തിയാക്കിയ ശേഷം വീണ്ടും വെട്ടിപ്പൊളിക്കുന്ന തൊഴിവാക്കാൻ പൈപ്പിടീലിനായി തത്ക്കാലം ടാറിംഗ് നിറുത്തിവയ്ക്കുകയായിരുന്നു.പെരുനാട് അത്തിക്കയം ജലവിതരണ പദ്ധതിയുടെ അത്തിക്കയം മുതൽ കക്കുടു മൺ വരെ റോഡിലൂടെ ശേഷിക്കുന്ന പൈപ്പുകൾ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.വീതി കുട്ടിനായി പൊളിക്കുന്ന സ്വകാര്യ മതിലുകളും ഗേറ്റും മറ്റും പുന:സ്ഥാപിച്ച് നൽകാമെന്നായിരുന്നു വ്യവസ്ഥയെങ്കിലും അതിനായി ഇപ്പോൾ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇപ്പോഴത്തെ ടാറിംഗ് പൂർത്തിയായ ശേഷവും വീതി കൂട്ടലും വളവു നിവർത്തലും സാദ്ധ്യമാണെങ്കിലും റോഡിന്റെ കയറ്റം കുറയണമെങ്കിൽ അതിനുള്ള ജോലികൾ ചെയ്ത ശേഷമാണ് ടാറിംഗ് നടത്തേണ്ടിയിരുന്നത്.ടാറിംഗ് നടന്ന ഭാഗത്തൊന്നും റോഡിന് കയറ്റം കുറഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

മണ്ഡലകാലത്തിന് മുന്നേ തന്നെ പണി പൂർത്തീയാകുമെന്ന് പറഞ്ഞതാണ്.എന്നാൽ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിട്ടെങ്കിലും അത്തിക്കയം വരെ ഒന്നാംഘട്ട ടാറിംഗ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

സതീഷ്

(പ്രദേശവാസി)​

-നിർമ്മാണം തുടങ്ങിയിട്ട് 2 ആഴ്ച

-ഇപ്പോൾ നടക്കുന്നത് അത്തിക്കയം മുതൽ കക്കുടുമൺ റോഡിലൂടെ ശേഷിക്കുന്ന പൈപ്പുപണി

-നിർമ്മാണ ചെലവ് 7 കോടി