09-kadinte-makkal
കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർ കൂടത്തിൽനിന്നെത്തിയവർ

ശബരിമല: കാട്ടുതേനും കദളിക്കുലകളുമായി അഗസ്ത്യാർ കൂടത്തിൽനിന്ന് കാടിന്റെ മക്കൾ കാനനവാസനെ കാണാനെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂട പർവത പ്രദേശങ്ങളിലെ ഉൾക്കാടുകളിൽ വസിക്കുന്ന ഗോത്രവിഭാഗമായ കാണിക്കാരിലെ 101 പേരടങ്ങുന്ന സംഘമാണ് എത്തിയത്. കന്നി സ്വാമിയായ ഊരു മൂപ്പൻ മാതേയൻ കാണിയും സംഘവും പതിനെട്ടാംപടി കയറിയെത്തി കാഴ്ച വസ്തുക്കൾ അയ്യപ്പന് സമർപ്പിച്ചു.
പൂർവാചാര പ്രകാരം മുളംകുറ്റിയിൽ നിറച്ച കാട്ടുചെറുതേൻ, കാട്ടിൽ വിളഞ്ഞ കദളിക്കുല, കരിമ്പ്, കാട്ടുകുന്തിരിക്കം, മുളയിലും ചൂരലിലും ഈറ്റയിലും വ്രതശുദ്ധിയോടെ നെയ്‌തെടുത്ത പൂക്കൂടകൾ, പെട്ടികൾ തുടങ്ങിയ വനവിഭവങ്ങളുമായാണ് സംഘം എത്തിയത്. കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി ആർ. വിനോദ്കുമാറാണ് സംഘത്തെ നയിച്ചത്.