മല്ലപ്പള്ളി: ജില്ലയിലെ രണ്ട് താലൂക്കുകളെ ബന്ധിപ്പിക്കുന്ന റോഡ് ദേശീയ നിലവാരത്തിലേക്ക്.മല്ലപ്പള്ളി പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡ് ദേശീയ നിലവാരത്തിൽ നിർമ്മിച്ചതിന് പിന്നാലെയാണ് മഠത്തുംചാലിൽ നിന്ന് റാന്നിയിലേക്കുള്ള റോഡ് ബി.എം.ആൻഡ് ബി.സി. ടാറിംഗ് ആരംഭിച്ചത്. മഠത്തുംചാലിൽ നിന്ന് റാന്നി ഇട്ടിയപ്പാറയിൽ എത്തുന്നതിനുള്ള പ്രധാന റോഡും രണ്ട് ബൈപ്പാസുകളും ഉൾപ്പെടെ 5.5 മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്.റാന്നിയിലെ പ്രധാന റോഡുകളും മന്ദമരുതി -വെച്ചൂച്ചിറ -കനകപ്പലം റോഡും,വെച്ചൂച്ചിറ - ചാത്തൻതറ -മുക്കൂട്ടുതറ റോഡും ഉൾപ്പെടെ 31.5കിലോമീറ്റർ റോഡ് 42.18 കോടി രൂപാ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്.പുതിയ 5 കലുങ്കുകൾ നിർമ്മിക്കുന്നതിന് പുറമെ 10 എണ്ണം വീതികൂട്ടി പുനർനിർമ്മിക്കും.കൂടാതെ അഞ്ചുകിലോമീറ്ററോളം ദൂരത്തിൽ സംരക്ഷണഭിത്തിയും പദ്ധതിയിലുണ്ട്.റോഡ് പൂർണ്ണമായി സഞ്ചാരയോഗ്യമാകുന്നതോടുകൂടി ശബരിമല തീർത്ഥാടകർക്കും നിർദ്ദിഷ്ഠ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും പ്രയോജനപ്പെടും.നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മല്ലപ്പള്ളി ഹൈസ്‌കൂൾപടി - പുല്ലാട്, തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പും പൂർത്തിയാകുന്നതോടുകൂടി ജില്ലയിൽ മല്ലപ്പള്ളിയുടെ സമീപത്തുള്ള റാന്നി,കോഴഞ്ചേരി, തിരുവല്ല എന്നീ താലൂക്ക് കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരം കൂടുതൽ സുഗമമാകും.