കാരയ്ക്കാട്: അരീക്കര ദീപു ഭവനത്തിൽ തമ്പി ഇക്കുറിയും ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത് 5000 പേർക്കുള്ള അന്നദാനവുമായാണ്. കഴിഞ്ഞ 12 വർഷമായി പൊങ്കാലയിട്ട് വരുന്ന ഭക്തർക്ക് അന്നദാന വഴിപാട് നടത്തുന്നു ഇദ്ദേഹം. വാടകയ്ക്ക് ടെമ്പോ വാൻ ഓടിക്കുന്ന തമ്പി ഒരു വർഷം കൊണ്ട് നീക്കിവയ്ക്കുന്ന തുകയാണ് അന്നദാനത്തിന് ഉപയോഗിക്കുന്നത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചെലവുവരും. ഒരു രൂപ പോലും ആരിൽ നിന്നും സംഭാവനയായി വാങ്ങാറില്ല. കാരയ്ക്കാട് കോണത്ത് ക്ഷേത്രത്തിലാണ് ഇക്കുറി വഴിപാട് സദ്യ നടക്കുന്നത്.