മല്ലപ്പള്ളി: പന്നി ഉൾപ്പെടെ കാർഷികവിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ തുരത്തുന്നതിന്റെ ഭാഗമായി കാടുപിടിച്ചുകിടക്കുന്ന പുരയിടങ്ങൾ വസ്തു ഉടമസ്ഥർ തന്നെ കാട് തെളിച്ച് വൃത്തിയാക്കണമെന്ന് മല്ലപ്പള്ളി പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ചേർന്ന് ആവശ്യപ്പെട്ടു. കാട് പിടിച്ചു കിടക്കുന്ന പുരയിടങ്ങളിൽ പകലുറങ്ങുന്ന പന്നിക്കൂട്ടങ്ങളാണ് കൃഷികൾ നശിപ്പിക്കുന്നതെന്നും ഇവ പെറ്റുപെരുകിയാൽ ജീവിതം ദുസഹമാകുമെന്നും സമിതി ചൂണ്ടിക്കാട്ടി. കുരങ്ങ്, മുള്ളൻപന്നി, പെരുമ്പാമ്പ് ഉൾപ്പെടെയുള്ളവയുടെ നാട്ടുവാസം കർഷകരെയും കാർഷിക മേഖലയെയും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് രോഹിണി ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ, കൃഷി ഓഫിസർ ജോസഫ് ജോർജ്ജ്, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.