ശബരിമല: പമ്പയിൽ വിരിവയ്ക്കാൻ സ്ഥലമില്ലാതെ അയ്യപ്പഭക്തർ ബുദ്ധിമുട്ടുന്നു. പ്രളയത്തിൽ തകർന്ന പമ്പയിലെ രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥാനത്ത് താത്കാലികമായി നിർമ്മിച്ച ഷെഡാണ് ഇപ്പോഴുള്ള ആശ്രയം . ഇവിടെയും വിരിവയ്ക്കാൻ സൗകര്യം കുറവാണ്. ടാർപാളിൻ വലിച്ചുകെട്ടിയാണ് ഇത് നിർമ്മിച്ചത്. കനത്ത വെയിലുള്ളപ്പോൾ ഇവിടെ ഇരിക്കാനാവില്ല. കാറ്റിൽ ടാർപോളിൻ പറന്നുപോകും. പമ്പ ഗണപതി ക്ഷേത്രത്തിന് സമീപമുള്ള നടപ്പന്തലാണ് മറ്റൊരു ആശ്രയം. ഇതും താത്കാലികമായി നിർമ്മിച്ചതാണ് . കനത്ത ചൂടുള്ളപ്പോൾ ഇതിൽ ഇരിക്കാനാവില്ല. രാമമൂർത്തി മണ്ഡപം നിന്നിരുന്ന സ്ഥലത്ത് താത്കാലിക പന്തൽ നിർമ്മിക്കാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തിനെതിരെ വനംവകുപ്പ് രംഗത്ത് വന്നിരുന്നു. നട തുറക്കാത്ത സമയങ്ങളിൽ അഴിച്ചു മാറ്റാൻ കഴിയുന്ന താത്കാലിക പന്തൽ നിർമ്മിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചതെങ്കിലും, പ്രളയ ശേഷം പമ്പയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്ന ഹൈക്കോടതി നിർദേശം കാട്ടിയാണ് വനം വകുപ്പ് എതിർത്തത്.