ശബരിമല: ആനകളെ കാണാനിടയുള്ള പാതകളിൽ വനംവകുപ്പിന്റെ എലിഫെന്റ് സ്‌ക്വാഡ് നിരീക്ഷണം ശക്തമാക്കി. ആനക്കൂട്ടങ്ങളെ കാണാനിടയുള്ള പുല്ലുമേട്, എരുമേലി കാനനപാതകളിലൂടെ വരുന്ന തീർത്ഥാടകർ വനപാലകരുടെ നിർദേശങ്ങൾ പൂർണമായി അനുസരിച്ച് മാത്രമേ യാത്ര ചെയ്യാവൂ എന്ന് വനം വകുപ്പ് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. വനംവകുപ്പ് നിർദേശങ്ങൾ അവഗണിച്ച് സാഹസികത കാണിക്കുന്നത് അപകടം ക്ഷണിച്ചുവരുത്താനിടയുണ്ട്
വനപാതകളിലൂടെ സഞ്ചരിക്കുന്നവരും പമ്പയിൽനിന്ന് മല കയറി വരുന്നവരും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ ഒരു കാരണവശാലും ശ്രമിക്കരുത്. ഇത് അപകടം വിളിച്ചുവരുത്തും. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പൂങ്കാവനത്തിന്റെ വിശുദ്ധിയെ മലിനീകരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യമൃഗങ്ങൾ തിന്ന് ജീവാപായം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത മൃഗങ്ങളെപോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കിട്ടിയത് പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. വന്യമൃഗങ്ങളോട് കൗതുകത്തിന് കാട്ടുന്ന സ്‌നേഹപ്രകടനം അന്തിമമായി അവയുടെ ജീവനെടുക്കുകയാണെന്നാണ് വനം വകുപ്പിന്റെ ഓർമ്മപ്പെടുത്തൽ.
കരിങ്കുരങ്ങുകളെയും മലയണ്ണാനേയും കാണുന്ന മരക്കൂട്ടത്ത് മൊബൈൽഫോണിൽ സെൽഫി എടുക്കുന്നതും അപകടകരമാണ്. കീഴ്ക്കാംതൂക്കായ മലനിരകളായതിനാൽ മരക്കൊമ്പുകളിൽ തട്ടി താഴേക്ക് വീണ് അപകടം സംഭവിക്കാനിടയുണ്ട്. കൂട്ടംകൂടി നിന്ന് വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതും സെൽഫി എടുക്കുന്നതും തടയാൻ വനം വകുപ്പ് സ്വാമി അയ്യപ്പന്റോഡിൽ വിവിധപോയിന്റുകളിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനെതിരെബോധവത്കരണവും നടത്തുന്നു.