തിരുവല്ല: കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം,പരുമല പ്രദേശങ്ങളെ ബന്ധിപ്പിച്ച് പമ്പാ നദിയുടെ കുറുകെ, ഉപദേശിക്കടവിൽ പാലം പണിയുന്നതിന് 23.73 കോടി രൂപയുടെ ഭരണാനുമതിയും പ്രത്യേക അനുമതിയും ലഭ്യമായതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുവാനാണ് രൂപകല്പന തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയും ഉണ്ടാവും.പൈലുകൾ സ്ഥാപിച്ച് പാലം നിർമ്മിക്കുവാനാണ് പദ്ധതി.വളഞ്ഞവട്ടം ഭാഗത്ത് 50 മീറ്ററും പരുമല ഭാഗത്ത് 2.1 കി.മീറ്ററും സമീപന പാതയും നിർമ്മിക്കേണ്ടി വരും. 2019- 2020 ലെ ബഡ്ജറ്റിൽ 20% തുക ഉൾക്കൊള്ളിച്ച് ഉപദേശിക്കടവ് പാലം പ്രഖ്യാപിച്ചിരുന്നു. നടപടി ക്രമങ്ങൾ ഒന്നൊന്നായി പൂർത്തീകരിച്ച് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനകാര്യ വകുപ്പിന്റെ പ്രത്യേക പരിഗണനയോടെയാണ് അനുമതികൾ ലഭ്യമായതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ദീർഘനാളുകളായി ജനങ്ങൾ ആവശ്യപ്പെട്ടു വരുന്ന ഉപദേശിക്കടവ് പാലം യാഥാർത്ഥ്യമാക്കുന്നതിന് അനുഭാവപൂർവമായ നിലപാടെടുത്ത സർക്കാരിനോടും അനുമതികൾ ലഭ്യമാക്കുന്നതിന് പ്രത്യേക താല്പര്യം എടുത്ത് നിർദ്ദേശങ്ങൾ നൽകിയ മന്ത്രി ജി.സുധാകരനോടും പ്രതികൂല സാഹചര്യങ്ങൾ നിൽക്കുമ്പോഴും പാലത്തിന് പച്ചക്കൊടി കാട്ടുവാൻ തയാറായ മന്ത്രി ഡോ.തോമസ് ഐസക്കിനോടും പ്രദേശവാസികൾ നന്ദി അറിയിച്ചു.

സമീപന പാത നിർമ്മിക്കേണ്ടി വരുന്നത്...........

50 മീറ്ററും വളഞ്ഞവട്ടം ഭാഗത്ത്

2.1 കി.മീറ്ററും പരുമല ഭാഗത്ത്

-------------------------------------------------------------------

-23.73 കോടി രൂപയുടെ ഭരണാനുമതി

-പാലത്തിന്റെ നീളം- 271.50 മീറ്റർ

- വീതി 1.5 മീറ്റർ

പാലം നിർമ്മാണം, അപ്രോച്ച് റോഡുകളുടെ നിർമ്മാണവും സംരക്ഷണഭിത്തി കെട്ടൽ, ഇലക്ട്രിക് പോസ്റ്റുകളുടെ മാറ്റി സ്ഥാപിക്കൽ, ഭൂമി ഏറ്റെടുക്കൽ, ജല അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കൽ തുടങ്ങി ആവശ്യമായ മുഴുവൻ സംഗതികളും പണികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാത്യു.ടി

(എം എൽ എ)