ശബരിമല: തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന ബസ് സർവീസുകൾ തുടങ്ങി. തമിഴ്‌നാട്ടിലെ തെങ്കാശി, പഴനി എന്നിവിടങ്ങളിലേക്ക് രാവിലെ എട്ടിനും കോയമ്പത്തൂരിലേക്ക് രാവിലെ 8.30നുമാണ് സർവീസ് . യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ സർവീസുകളും നടത്തുന്നുണ്ട്. തെങ്കാശിയിലേക്ക് ഞായറാഴ്ച മൂന്ന് സർവീസുകൾ നടത്തി.
ഇതു കൂടാതെ പമ്പയിൽനിന്ന് ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തിരുവനന്തപുരം, തൃശൂർ, ഗുരുവായൂർ, പെരിന്തൽമണ്ണ, കൊട്ടാരക്കര, പത്തനംതിട്ട എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുണ്ട്. നിലയ്ക്കൽ- പമ്പ റൂട്ടിൽ 131 ബസുകളാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. നിലയ്ക്കലിൽനിന്ന് 107 ബസുകളും പമ്പയിൽ നിന്ന് 24 ബസുകളുമാണ് സർവീസ് നടത്തുന്നത്. നിലയ്ക്കലിലെ ഏഴ് ബസുകൾ ഇലക്ട്രിക് ബസുകളാണ്. നിലയ്ക്കലിലെ നൂറും പമ്പയിലെ 24 ബസുകളുമടക്കം 124 എണ്ണം കെ.യു.ആർ.ടി.സി ലോ ഫ്‌ളോർ ബസുകളാണ്.