തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ നടക്കും. ക്ഷേത്ര സന്നിധിയിൽ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്ര പരിസരങ്ങളാകെ പൊങ്കാല കലങ്ങൾ നിറഞ്ഞു.
നാളെ പുലർച്ചെ 4ന് ഗണപതിഹോമവും നിർമ്മാല്യദർശനവും 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥന, രാവിലെ 9ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ നിർവഹിക്കും. ദേവസം കമ്മീഷണർ ഹർഷൻ മുഖ്യാഥിതിയും തുടർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്പോൾ മുഖ്യ കാര്യദർശി രാധാകൃക്ഷ്ണൻ നമ്പൂതിരി അഗ്‌നി പകരും. പൊങ്കാലയുടെ ചടങ്ങുകൾക്ക് കാര്യദർശി മണിക്കുട്ടൻ നമ്പുതിരി നേതൃത്വം വഹിക്കും. പൊങ്കാല നേദ്യത്തിന് ശേഷം ജീവത എഴുന്നെളളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിയാലുടൻ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. ഉണ്ണികൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും
വൈകിട്ട് 5.30 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സാംസ്​ക്കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ അതിഥിയായിരിക്കും. സൗത്ത് ആഫ്രിക്കയിൽ എം.പി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും.യു.എൻ. വിദഗ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് ഐ.എ.എസ്. കാർത്തിക സ്തംഭത്തിൽ അഗ്‌നി പകരും. ക്ഷേത്ര അഡ്മിനിസ്‌​ട്രേറ്റർ അഡ്വ.കെ.കെ. ഗോപാലകൃഷ്ണൻ നായർ, പി.ആർ.ഒ. സുരേഷ് കാവുംഭാഗം,രമേശ് ഇളമൻ, അജിത്ത് പിഷാരത്ത്,സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിക്കും.

പാർക്കിംഗ് സൗകര്യം

തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്​കൂൾ മൈതാനത്ത് പാർക്കു ചെയ്യാം. കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ലാ മുൻസിപ്പിൽ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ലാ, എടത്വാ, കോയിൽ മുക്ക് കെ.എസ്. ഇ.ബി സബ്‌​സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതേറിറ്റി,എടത്വാ സെന്റ് അലോഷ്യസ് കോളേജ്,ഹോളി എയ്ഞ്ചൽസ് സ്​കൂൾ എന്നീ മൈതാനങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.കെ.എസ്.ആർ.ടി.സി ബസുകൾക്കായി തലവടി പഞ്ചായത്ത് ഗ്രൗണ്ടിൽ താൽക്കാലിക ബസ് സ്റ്റാന്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.