ഇളമണ്ണൂർ: വേനൽക്കാലം എത്തും മുൻപേ ഏനാദിമംഗലം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി.മാവിള,മരുതിമൂട്,അടപ്പുപാറ,കടമാൻകുഴി,കുന്നിട,മുല്ലമ്പൂർ കോളനി,ചായലോട് പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.കെ.പി റോഡിലൂടെ കടന്ന് പോകുന്ന പ്രധാന ജലവിതരണ പൈപ്പുകളിൽ ജലം ഉണ്ടെങ്കിലും ഉപ റോഡുകളിലൂടെ കടന്ന് പോകുന്ന പൈപ്പുകളിൽ പേരിന് പോലും ജലമെത്തിയിട്ട് മാസങ്ങളായി.സാധാരണ മാർച്ച് മാസം അടുക്കാറാകുമ്പോഴാണ് ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുക.എന്നാൽ ഈ വട്ടം നവംബർ മാസത്തോടെ പല കിണറുകളും വറ്റി വരണ്ട നിലയിലാണ്. മുൻ വർഷങ്ങളിൽ സന്നദ്ധ സംഘടനകൾ ഇടപെട്ടാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടിരുന്നത്.
കുടിവെള്ള ക്ഷാമത്തിന് പദ്ധതി യാഥാർത്ഥ്യമായില്ല
പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ പദ്ധതി തയാറാക്കിയെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. 1.51 കോടി രൂപ ചെലവഴിച്ച് മുരുകൻ കുന്ന് മുല്ലമ്പൂർ ജലവിതരണ പദ്ധതിക്കായി ജില്ലാ പട്ടികജാതി ഓഫീസിൽ നിന്ന് ജല അതോറിറ്റിക്ക് തുക കൈമാറിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. കുടിവെള്ള ക്ഷാമത്തെ നേരിടുവാൻ ബദൽ സംവിധാനം ഒരുക്കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും ജനരോക്ഷം ശക്തമായിരിക്കുകയാണ്.പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമത്താൽ ജനം വലയുമ്പോൾ കെ.പി റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൊതുടാപ്പുകൾ പൊട്ടി ദിവസങ്ങളോളം ജലം നഷ്ടമാകുന്ന കാഴ്ചയും കാണാം.
ഉപ റോഡുകളിലെ പൈപ്പുകളിൽ വെള്ളമില്ല
-കിണറുകൾ വറ്റി വരണ്ടു
-1.51 കോടി രൂപ പദ്ധതി തയാറാക്കിയിരുന്നു
-ജനരോക്ഷം ശക്തം
മാവിള,മരുതിമൂട്,അടപ്പുപാറ,കടമാൻകുഴി,കുന്നിട,മുല്ലമ്പൂർ കോളനി,ചായലോട് പ്രദേശങ്ങളിൽ
കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. അധികൃതർ നടപടി എടുത്തില്ലെങ്കിൽ ജനം പ്രതീകരിക്കും.
രതീഷ്
(പ്രദേശവാസി)