പത്തനംതിട്ട: നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് നടന്ന മാർച്ചിൽ നേരിയ സംഘർഷം. നഗരസഭയുടെ മുൻവശത്തെ പ്രധാന ഗേറ്റ് തള്ളിതുറന്ന് അകത്ത് പ്രവേശിച്ച എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് കയറുന്ന ഗേറ്റിന്റെ ഗ്രില്ല് തുറക്കാൻ ശ്രമിച്ചത് പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞതോടെ ഉന്തും തള്ളുമായി.ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷിനെ മുറിയിൽ ഉപരോധിക്കുകയും ചെയ്തു.മുദ്രാവാക്യം വിളികളുമായി ഉപരോധസമരം ഏറെ സമയം നീണ്ടുനിന്നു. പൊലീസ് എത്തിയെങ്കിലും പ്രതിഷേധക്കാർ പിൻമാറിയില്ല. മാലിന്യപ്രശ്‌നം ചർച്ചചെയ്തു പരിഹരിക്കാനായി ബുധനാഴ്ച കൗൺസിൽ യോഗം കൂടാമെന്ന ചെയർപേഴ്‌സന്റെ ഉറപ്പിൻമേൽ ഉപരോധസമരം അവസാനിപ്പിക്കുകയായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.സക്കീർ ഹുസൈൻ എൽ.ഡി.എഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.കെ.അനീഷ്,പി.വി. അശോക് കുമാർ, ഇക്ബാൽ അത്തിമൂട്ടിൽ,സുമേഷ് ഐശ്വര്യ,ശോഭാ കെ.മാത്യു,റോബിൻ വിളവിനാൽ,അജ്മൽ,എ.ഗോകുലേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.