പത്തനംതിട്ട : ജില്ലയിൽ മാലിന്യ സംഭരണം നിലച്ചിട്ട് അഞ്ച് മാസം കഴിഞ്ഞു. മാലിന്യ സംഭരണത്തിന് വിവിധ ഏജൻസികൾ വന്നുപോയെങ്കിലും വിലയുടെ കാര്യത്തിലുണ്ടായ തർക്കം ഇപ്പോഴും തുടരുകയാണ്. അവസാനം എത്തിയ ചേർത്തലയിൽ നിന്നുള്ള ഏജൻസി പ്രവർത്തനം ആരംഭിക്കാൻ തയാറെടുത്തെങ്കിലും മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിനോട് ചേർന്ന് മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ ചില പ്രവർത്തകർ കോടതിയിൽ സ്റ്റേ വാങ്ങിയതോടെ ആ പദ്ധതിയിൽ തുടർ നടപടികൾ അയില്ല. ഗീതാ സുരേഷ് ചെയർപേഴ്സൺ ആയിരുന്ന കാലത്താണ് മാലിന്യ സംഭരണം പൂർണമായും നിറുത്തലാക്കാൻ തീരുമാനം എടുത്തത്. ആദിത്യ ഏജൻസിയെ ഒഴിവാക്കി പുതിയ ഏജൻസിയെ കൊണ്ടുവരാനും തീരുമാനമായി. എന്നാൽ പിന്നീട് വന്ന ഏജൻസികളുടെ ഡിമാൻഡുകളും ഉയർന്ന റേറ്റുകളും അംഗീകരിക്കാൻ വ്യാപാരികൾ തയാറാകാത്തതിനാൽ ചർച്ചകളെല്ലാം പാഴായിപോകുകയായിരുന്നു.
ഓഫീസുകളിലും, സ്ഥാപനങ്ങളിലും മാലിന്യം കുന്നുകൂടുന്നു
നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.പലരും രാത്രിയിൽ മാലിന്യം റോഡിൽ കൊണ്ട് തള്ളുകയാണ്. ഹരിത കർമ്മസേന പ്രവർത്തനം ആരംഭിച്ചെങ്കിലും പ്ലാസ്റ്റിക് മാത്രമേ ഇവർ ശേഖരിക്കു. ബാക്കിയുള്ള മാലിന്യങ്ങൾ അവിടെ തന്നെ കിടക്കുകയാണ്.മുഖ്യമന്ത്രിയുടെ ഉറവിട മാലിന്യ സംസ്കരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് നഗരസഭ നടപ്പാക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ ഭക്ഷ്യ മാലിന്യങ്ങൾ,പച്ചക്കറികൾ എന്നിവ സംസ്കരിക്കാൻ മറ്റ് വഴികളില്ലാതെ ബുദ്ധിമുട്ടുന്നത് വ്യാപാരികളാണ്.ഹോട്ടലുകാർ പന്നി ഫാമുകൾക്ക് കുറച്ച് നൽകിയാലും ബാക്കി അധികം വരും.ഇപ്പോൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കുകയാണ് പതിവ്. പല ഓഫീസ് സ്ഥാപനങ്ങളിലും മാലിന്യം കുന്നു കൂടുന്നുണ്ട്.
"നഗരസഭയ്ക്ക് ഇതിലൊരു തീരുമാനം എടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് ചെയർപേഴ്സൺ മാർ മാറി ഭരിച്ചിട്ടും ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അവർക്കും കഴിഞ്ഞിട്ടില്ല. നഗരത്തിൽ നിന്ന് മാറി നഗരസഭാ പരിധിയിലുള്ള വീടുകളിൽ മാലിന്യം നിറയുകയാണ്. റോഡുകളിലെല്ലാം ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുകയാണ്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നഗരസഭയ്ക്ക് കഴിയാത്തത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കണം. ഇൻഡോർ സ്റ്റേഡിയം വരുന്നു എന്ന് പറയുന്നിടത്തും മാലിന്യം നിറയുകയാണ്.
പി.കെ അനീഷ്
(പ്രതിപക്ഷനേതാവ്)