കുറിയന്നൂർ :തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി വിനോദ സഞ്ചാരകേന്ദ്രത്തിലേയ്ക്കുള്ള യാത്ര സുഗമമാക്കി ജില്ലാ പഞ്ചായത്ത് റോഡ് നവീകരണം നടത്തുന്നു. കോളഭാഗം മുതൽ അരുവിക്കുഴിവരെയുള്ള റോഡ് രണ്ടു ഘട്ടമായി പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കുന്നതിന് 25 ലക്ഷം രൂപയുടെ പദ്ധതിയ്ക്കാണ് അംഗീകാരം.ഒന്നാംഘട്ടമായി 10 ലക്ഷവും രണ്ടാംഘട്ടമായി 15 ലക്ഷം രൂപയുമാണ് ചെലവഴിക്കുക.റോഡ് പൂർണമായി റീടാറിംഗ് നടത്തി,സൈഡ്‌കെട്ട്,ഐറീഷ് ഡ്രെയിൻ എന്നിവയ്ക്കായാണ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ടൂറിസം മേഖയ്ക്ക് പുതിയ ഉണർ‌വ്


തോട്ടപ്പുഴശേരി പഞ്ചായത്തിന്റെ മൂന്നാംവാർഡിലൂടെയാണ് പ്രധാനമായും പാത കടന്നുപോകുന്നത്.പുലിപ്പാറ അരുവിക്കുഴി റോഡ് നന്നാക്കിയതിനു പിന്നാലെയാണിത്.ഇതോടനുബന്ധിച്ചുള്ള ചള്ളക്കുഴി തടീത്രപ്പടി റോഡ്, മുക്കട നിരന്നനിലത്ത് റോഡ് എന്നിവയും ജില്ലാ പഞ്ചായത്ത് ഗതാഗതയോഗ്യമാക്കിയിരുന്നു.കോളഭാഗം അരുവുക്കുഴി റോഡ് പൂർത്തിയാകുന്നതോടെ ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവും പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. പ്രകൃതി രമണീയമായ ചരൽകുന്നിൽ എത്തുന്ന സഞ്ചാരികൾക്ക് എളുപ്പത്തിൽ അരുവിക്കുഴിവെള്ളച്ചാട്ട സ്ഥലത്ത് എത്തുന്നതിനും പാത സഹായകരമാണ്.

തിരുവല്ല- മല്ലപ്പള്ളി ഭാഗങ്ങളിലേയ്ക്കും എളുപ്പം

പുളിമുക്ക്, ചെറുകോൽപുഴ, കോഴഞ്ചേരി, റാന്നി ,തടിയൂർ , തിരുവല്ല, മല്ലപ്പള്ളി ഭാഗങ്ങളിലേയ്ക്കും പോകുന്നതിന് നാട്ടുകാരുടെ മുഖ്യ ആശ്രയം കൂടിയാണ് പാത. അരുവിക്കുഴി കോളഭാഗം റോഡിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതായും നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ പറഞ്ഞു.

-25 ലക്ഷം രൂപയുടെ പദ്ധതി

-ഒന്നാം ഘട്ടത്തിൽ 10 ലക്ഷവും രണ്ടാം ഘട്ടത്തിൽ 25 ലക്ഷവും