മല്ലപ്പള്ളി: കുന്നന്താനം കിൻഫ്രാ പാർക്കിൽ അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് 13ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സ്കിൽ മിത്ര 2019 പരിപാടിയിൽ ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി നൂഹ്, അസാപ് സിഇഒ ഡോ.വീണാ എൻ. മാധവൻ എന്നിവർ പങ്കെടുക്കും.
ദേശീയഅന്തർദേശീയ തൊഴിലവസരങ്ങൾ, വ്യവസായ വിദഗ്ധർ നയിക്കുന്ന കരിയർ സെമിനാറുകൾ, വിവിധ വിദേശ ഭാഷാ പരിശീലനം തുടങ്ങിയവ സ്കിൽ പാർക്കിൽ ലഭ്യമാകും. മൾട്ടി സ്കിൽ പരിശീലന കേന്ദ്രങ്ങളായി രൂപകല്പന ചെയ്തിരിക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒരേസമയം 2000 പേർക്ക് ട്രെയിനിംഗ് നൽകും. എൽ.ഇ.ഡി ലൈറ്റ് ഡിസൈൻ, പി.വി സോളാർപാനൽ ഡിസൈൻ, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, ജെം ആൻഡ് ജ്വല്ലറി ഡിസൈനർ, ഫ്രഞ്ച്, അറബിക് എന്നീ ഭാഷാ കോഴ്‌സുകൾ, വെർബൽ ആപ്രിറ്റിയൂഡ് ട്രെയിനിംഗ്, ബിസിനസ് ഇംഗ്ലീഷ് ട്രെയിനിംഗ് എന്നീ കോഴ്‌സുകളും വിദ്യാർത്ഥികൾക്കായി ലഭ്യമാകും. വിവിധ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും ഇതോടൊപ്പം നടക്കും. ഓരോ പാർക്കും ഹൈസ്കൂളുകൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, എൻജിനീയറിംഗ് കോളേജുകൾ, മെഡിക്കൽ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വ്യവസായ പരിശീലന കേന്ദ്രങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധിപ്പിച്ചാകും സ്കിൽ പാർക്ക് പ്രവർത്തിക്കുക.
അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ സമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് സംസ്ഥാനത്ത് ഒൻപത് കമ്യൂണിറ്റി സ്കിൽ പാർക്കുകൾ ആരംഭിച്ചിരിക്കുന്നത്.