കുളനട : ജില്ലാ കേരളോത്സവത്തിൽ വിവിധ കലാകായിക മത്സരങ്ങളിൽ 225 പോയിന്റു നേടിയ പന്തളം ബ്ലോക്ക് ഓവറോൾ കിരീടം നേടി. കലാതിലകമായി പത്തനംതിട്ട നഗരസഭയിലെ അബിദ കാബിറും കലാപ്രതിഭയായി പുളിക്കീഴ് ബ്ലോക്കിലെ അഭിജിത്ത് ബാബുവും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് അബു എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ജനപ്രതിനിധികളായ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി സാം മാത്യു, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, പന്തളം നഗരസഭാധ്യക്ഷ ടി. കെ. സതി, ബ്ലോക്ക് പഞ്ചായത്തംഗം രാധാമണി, ഗ്രാമപഞ്ചായത്തംഗം കെ. ആർ. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോൺസൺ പ്രേംകുമാർ,യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ അഡ്വ. ആർ. ജയൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ആർ. ശ്രീലേഖ എന്നിവർ സംസാരിച്ചു.