മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആനിക്കാട്, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകൾ സംയുക്തമായി ലൈഫ് ഭവന സമുച്ചയം നിർമ്മിക്കാൻ ധാരണയായി. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ സി.പി സുനിൽ വിഷയാവതരണം നടത്തി. മൂന്ന് പഞ്ചായത്തുകളുടെ നിലവിലുള്ള ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവനരഹിതരായ 55 കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ യോഗം തീരുമാനിച്ചു. ഇതിനായി ഒരേക്കർ ഭൂമി സൗജന്യമായോ,സ്‌പോൺസർഷിപ്പിലൂടെയോ,സർക്കാർ നിശ്ചയിക്കുന്ന വിലയ്‌ക്കോ നൽകാൻ താൽപര്യമുള്ള യാഥാർത്ഥ കൈവശാവകാശികളായ ഭൂഉടമകൾക്ക് ജനുവരി മൂന്നുവരെ സമ്മതപത്രം ബ്ലോക്ക് ഓഫീസർ മുമ്പാകെ സമർപ്പിക്കാവുന്നതാണ്.ഭവന സമുച്ചയം നിർമ്മിക്കുന്നതിന് അനുയോജ്യമായതും വഴിസൗകര്യമുള്ള വസ്തുക്കൾക്ക് മുൻഗണന നൽകും. പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് മാത്യു (ആനിക്കാട്),റെജി ശാമുവേൽ (മല്ലപ്പള്ളി),റെജി ചാക്കോ (കല്ലൂപ്പാറ),ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹൻ,കുഞ്ഞുകോശി പോൾ, ബി.ഡി.ഒ ബി.ഉത്തമൻ,പഞ്ചായത്ത് അംഗങ്ങളായ ലിയാഖത്ത് അലിക്കുഞ്ഞ് റാവുത്തർ, ജോളി ജോസഫ്,ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി,എബി മേക്കരിങ്ങാട്ട്,പഞ്ചായത്ത് സെക്രട്ടറിമാർ,ഹൗസിംഗ് ഓഫീസർ ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.