തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല ഇന്ന് നടക്കും. പുലർച്ചെ ഗണപതിഹോമവും നിർമ്മാല്യദർശനത്തിനുംശേഷം രാവിലെ 8.30ന് വിളിച്ചുചൊല്ലി പ്രാർത്ഥന, 9ന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആദ്ധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവഹിക്കും. ദേവസം കമ്മിഷണർ ഹർഷൻ മുഖ്യാഥിതിയാകും. തുടർന്ന് മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്ന് എഴുന്നെള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപമെത്തുമ്പോൾ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേയ്ക്ക് അഗ്‌നി പകരും. 11ന് വേദ പണ്ഡിതൻമാരുടെ കാർമ്മികത്വത്തിൽ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ മുഖ്യാതിഥിയാകും. കേരളത്തിൽ നിന്ന് ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എം.പിയായ കേശവം അനിൽ പിള്ളയെ ആദരിക്കും. യു.എൻ വിദഗ്ധസമിതി ചെയർമാൻ ഡോ.സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്‌നി പകരും. 17മുതൽ 28വരെ ക്ഷേത്രത്തിലെ പന്ത്രണ്ടു നോയമ്പ് ഉത്സവം നടക്കും. 20ന് നാരീപൂജയുടെ ഉദ്ഘാടനം ബിന്ദു മനോജ് ശ്രീശൈലം നിർവഹിക്കും. 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.