പത്തനംതിട്ട : ആധുനിക സൗകര്യങ്ങളോടെയുള്ള കേരള ബാങ്കിനെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കണമെന്ന് വനം മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കേരള ബാങ്ക് ജില്ലാതല ആഘോഷം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ തന്നെ വളരെ മെച്ചപ്പെട്ട സഹകരണ പ്രവർത്തനങ്ങൾ നടന്നിട്ടുള്ള പ്രസ്ഥാനമാണ് കേരളത്തിന്റേത്. 3800ൽ പരം ക്ഷീര സംഘങ്ങൾ നമുക്കുണ്ട്. 8000 ത്തോളം സഹകരണ സംഘങ്ങളും കേരളത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തിന്റെ വലിയ വികസനത്തിനു കേരള ബാങ്കിന് സാധിക്കും. എല്ലാ ഗ്രാമങ്ങളിലും വളരുന്ന ശൃംഖലയായി മാറാൻ കേരള ബാങ്കിന് സാധിക്കും. മൊബൈൽ ട്രാൻസ്ഫർ, ഓൺലൈൻ ബാങ്കിംഗ്, ക്രെഡിറ്റ് ഡെബിറ്റ് സംവിധാനം, ഓൺലൈൻ ഷോപ്പിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും കേരള ബാങ്കിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വീണ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, പത്തനംതിട്ട ജനറൽ ജോയിൻ രജിസ്ട്രാർ എം.ജി പ്രമീള, കേരള ബാങ്ക് ജില്ലാ മാനേജർ ടി.കെ റോയ്, കേരള ബാങ്ക് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ. മുകുന്ദൻ, പി.എ.സി.എസ് മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ. അജയകുമാർ, കെ.സി.യു.ഇ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാർ, കോർപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി. തുളസീധരൻപിള്ള, കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ബെൻസി തോമസ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറി റോയി ഫിലിപ്പ്, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.ജി അജിത് കുമാർ, സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എം.കെ.വിശ്വനാഥൻ, ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ.സനൽ കുമാർ എന്നിവർ പങ്കെടുത്തു.