പത്തനംതിട്ട: മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം ജംഗ്ഷൻ ഒരു 'റേഷൻകട തെരുവാണ്'. ഒന്നും രണ്ടുമല്ല, ആറ് റേഷൻ കടകളുണ്ട് ഇവിടെ. അടുപ്പ് കൂട്ടിയ പോലെ മൂന്നെണ്ണം അടുത്തടുത്ത്. അൻപത് മീറ്ററിനുള്ളിൽ അടുത്ത രണ്ടെണ്ണം. ആറാമത്തെ കടയും പുറമറ്റം ജംഗ്ഷന് ഒരു കിലോമീറ്റർ ഉളളിൽ തന്നെ. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്രയും റേഷൻകടകൾ ഒരുമിച്ചില്ലെന്ന് സിവിൽ സപ്ളൈസ് അധികൃതരും പറയുന്നു. ഈ കടകളുടെ ക്രമ നമ്പരിലുമുണ്ട് കൗതുകം. താലൂക്കിലെ 82, 83, 84, 85, 86, 87 നമ്പർ റേഷൻ കടകളാണ് ഇതെല്ലാം.
85ാം നമ്പർ കട നടത്തുന്ന എൻ.ജി.പുരുഷോത്തമൻ നായരാണ് മുതലാളിമാരിലെ 'മൂപ്പൻ' വയസ് 68. ഇളം തലമുറക്കാരൻ 87ാം നമ്പർ റേഷൻ കട നടത്തുന്നത് ഹരികൃഷ്ണൻ എന്ന അപ്പുവാണ്, വയസ് 24.
കെ.സി. സ്കറിയ, മത്തായിക്കുട്ടി, വിൻസി, മാത്യു വർഗീസ് എന്നിവരാണ് മറ്റ് കടയുടമകൾ.
കച്ചവടം കഴിഞ്ഞാൽ സൗഹൃദത്തിന്റെ കൂടിച്ചേരൽ കൂടിയാണ് ഇൗ റേഷൻ കടകൾ. രാവിലെ എട്ടിന് കട തുറക്കും. ഉച്ചയ്ക്ക് 12 കഴിഞ്ഞാൽ ഏതെങ്കിലും ഒരു കടയിൽ എല്ലാവരും ഒത്തുചേരും. വില്പനക്കണക്കും സാധനങ്ങളുടെ സ്റ്റോക്കും ചർച്ച ചെയ്യും. പിന്നെ നാട്ടുകാര്യങ്ങൾ പറഞ്ഞ് പിരിയും. വൈകിട്ട് നാലിന് വീണ്ടുമെത്തി രാത്രി എട്ട് വരെ കച്ചവടം. പുറമറ്റം പഞ്ചായത്തിലെ 2, 10, 11, 12, 13 വാർഡുകളിലെ കാർഡ് ഉടമകൾക്കു വേണ്ടിയുള്ളതാണ് ആറ് കടകളും. ഇരുനൂറ് മുതൽ 600 വരെ കാർഡുകളാണ് ഒാരോ കടയിലുമുള്ളത്. ഈ കടകൾക്കെല്ലാം നാല്പത് മുതൽ അൻപത് വർഷം വരെ പഴക്കമുണ്ട്. പുറമറ്റം ജംഗ്ഷനിൽ ആദ്യം കട തുടങ്ങിയത് എൻ.ജി. ഗോവിന്ദക്കുറുപ്പാണ്. അദ്ദേഹത്തിന്റെ മകനാണ് പുരുഷോത്തമൻ നായർ.
തെരുവിന്റെ രഹസ്യം
പുറമറ്റത്ത് ഇത്രയും റേഷൻ കടകൾ വരാൻ കാരണം കണ്ടെത്തണമെങ്കിൽ അല്പം പിന്നിലേക്ക് സഞ്ചരിക്കണം. പുരാതനമായ പുറമറ്റം ചന്തയുമായി ബന്ധപ്പെട്ടതാണ് ഈ ചരിത്രം. ഗ്രാമ പ്രദേശമായ ഇവിടെ തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരുന്നു ചന്ത. നാട്ടിൽ കടമുറി കെട്ടിടങ്ങളുണ്ടായിരുന്നത് ചന്തയുടെ പരിസരത്ത് മാത്രമാണ്. ആദ്യത്തെ റേഷൻ കട തുടങ്ങാൻ ചന്തയിൽ ഒരു കടമുറി കിട്ടി. പുറമറ്റം പഞ്ചായത്തായി വികസിച്ചതോടെ നാട്ടുകാർക്ക് കൂടുതൽ റേഷൻ കടകൾ അനുവദിച്ചു. അപ്പോഴും കെട്ടിടങ്ങളുളളത് പുറമറ്റം ചന്തയിലായിരുന്നു. അവിടെത്തന്നെ കൂടുതൽ റേഷൻ കടകൾ അനുവദിച്ചു. മൂന്ന് കിലോമീറ്റർ വരെ സഞ്ചരിച്ചാണ് പലരും ഇപ്പോഴും റേഷൻ വാങ്ങുന്നത്. എന്നാൽ ഇപ്പോഴും പുറമറ്റത്ത് തന്നെ റേഷൻ കടകൾ പ്രവർത്തിക്കുന്നതിൽ കാർഡ് ഉടമകൾക്ക് എതിർപ്പില്ല. അടുത്തടുത്ത് കടകൾ ഉളളത് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥർക്കും സൗകര്യമാണ്.
''കടകൾ വീടുകൾക്ക് അടുത്തേക്ക് മാറ്റണമെന്ന് കാർഡുടമകൾ ആരും ആവശ്യപ്പെട്ടിട്ടില്ല.
ആർ.അഭിമന്യു,
-മല്ലപ്പളളി താലൂക്ക്
സപ്ളൈ ഒാഫീസർ.