കോന്നി : നൂറുകണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന കോന്നി താലൂക്ക് ആശുപത്രിയിലെ തല തിരിഞ്ഞ റാമ്പ് നിർമ്മാണം ദുരിതം ഇരട്ടിയാക്കുന്നു. കിഴക്കൻ മലയോര മേഖലയിൽ നിന്ന് ഉൾപ്പടെ ദിവസേന നിരവധി രോഗികളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കുന്ന രോഗികളെ അടിയന്തരമായി അത്യാഹിത വിഭാഗത്തിൽ എത്തിക്കുന്നതിനാണ് റാമ്പ് നിർമ്മിച്ചത്.എന്നാൽ അശാസ്ത്രീയ നിർമ്മാണം മൂലം സ്ട്രക്ച്ചറിലും വീൽ ചെയറിലുമായി രോഗികളെ ഇതുവഴി കൊണ്ടുപോകുവാൻ കഴിയാത്ത സ്ഥിതിയാണ്.ആശുപത്രിയിലെ എക്സറെ വിഭാഗം പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്. അവശ നിലയിലായ രോഗികളുമായി റാമ്പിലൂടെ കടന്ന് പോകുമ്പോൾ വീൽ ചെയറും സ്ട്രക്ച്ചറും തെന്നി വീഴുന്നതും പതിവാണ്. തണ്ണിത്തോട്,ചിറ്റാർ,സീത്തോട്, ആങ്ങമൂഴി,കൊക്കാത്തോട് തുടങ്ങിയ അനാന്തര ഗ്രാമങ്ങളിലുള്ളവരും കോന്നി താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.ഇതിന് പുറമെ കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലുള്ളവരും ഈ ആശുപത്രിയിലാണ് എത്തേണ്ടത്.ശബരിമല മണ്ഡലകാലമായതോടെ നിരവധി അയ്യപ്പഭക്തരും ഇവിടെ എത്തി ചികിത്സ തേടുന്നുണ്ട്.