ആകെ ആയുവേദ ആശുപത്രികൾ 133

ആവശ്യമുളള തെറാപ്പിസ്റ്റുകൾ 640

സ്ഥിരം നിയമനം ലഭിച്ചവർ 71

പത്തനംതിട്ട: ഗവ. ആയുർവേദ ആശുപത്രികളിൽ യോഗ്യതയില്ലാത്ത തിരുമ്മലുകാർ കൂടുന്നു. ആയുർവേദ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ച് എ കാറ്റഗറിയിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും തിരുമ്മലിനും ഉഴിച്ചിലും മറ്റും യോഗ്യതയുളളവരെ നിയമിക്കുന്നില്ല. സ്റ്റാഫ് നഴ്സുമാർക്കും അറ്റൻഡർമാരുമാണ് പല ആശുപത്രികളിലും ഇതു ചെയ്യുന്നത്. ഇവർ ചികിത്സിക്കുന്നത് കാരണം രോഗികൾക്ക് പൊളളലേൽക്കുന്നെന്നും ഉദ്ദേശിച്ച ഫലം കിട്ടാതെ വരുന്നെന്നും പരാതികളുണ്ട്.

എ കാറ്റഗറിയിൽ പെട്ട ആയുർവേദ ആശുപത്രിയിൽ രണ്ട് പുരുഷ തെറാപ്പിസ്റ്റുകളും രണ്ട് സ്ത്രീ തെറാപ്പിസ്റ്റുകളും വേണമെന്ന് നിയമസഭ പാസാക്കിയ ബില്ലിൽ പറയുന്നുണ്ട്. കി‌ടക്കകളുടെ എണ്ണം കൂടുന്നതനുസരിച്ച് തെറാപ്പിസ്റ്റുകളുടെ എണ്ണവും കൂട്ടണം.

സംസ്ഥാനത്ത് 133 ആയുർവേദ ആശുപത്രികളിൽ 3200 കിടക്കകളാണുളളത്. 10 കിടക്കകൾക്ക് രണ്ട് തെറാപ്പിസ്റ്റുകൾ എന്ന കണക്കിൽ 640 തെറാപ്പിസ്റ്റുകൾ വേണം. സംസ്ഥാനത്ത് പി.എസ്.സി വഴി സ്ഥിരം നിയമനം ലഭിച്ച തെറാപ്പിസ്റ്റുകൾ 71പേരാണുളളത്.

പത്തനംതിട്ട ജില്ലയിൽ അഞ്ച് ആയുർവേദ ആശുപത്രികളിലായി 160 കിടക്കകളാണുളളത്. 30 തെറാപ്പിസ്റ്റുകൾ വേണം. എന്നാൽ, യോഗ്യതയുളള മൂന്ന് ആയുർവേദ തെറാപ്പിസ്റ്റുകൾ മാത്രമാണുളളത്.

കേന്ദ്ര സർക്കാരിന്റെ ആയുഷ്, സംസ്ഥാന സർക്കാരിന്റെ പ്രോജക്ടുകൾ എന്നിവ വഴി യോഗ്യതയുളള തെറാപ്പിസ്റ്റുകളെ ചില ആശുപത്രികളിൽ താൽക്കാലികമായി നിയമിക്കുന്നുണ്ടെന്ന് ആയുർവേദ മെഡിസിൻ വിഭാഗം അധികൃതർ പറയുന്നു. ഇത് സ്ഥിര നിയമനത്തിനുളള സാദ്ധ്യതയില്ലാതാക്കുമെന്ന് ആക്ഷേപമുണ്ട്.

നാം (നാഷണൽ ആയുഷ് മിഷൻ) മുഖേന നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 14000രൂപയാണ് ശമ്പളം നൽകുന്നത്. പി.എസ്.സി വഴി നടത്തേണ്ട നിയമനം നാം വഴിയാക്കുമ്പോൾ സർക്കാരിന് കോടികളുടെ ലാഭമുണ്ടാകും. സ്ഥിരം നിയമനം ലഭിക്കുന്നവർക്ക് നൽകേണ്ട തുടക്കത്തിലെ ശമ്പളം 24,000രൂപയാണ്.

>>>

റാങ്ക് ലിസ്റ്റ് കാലാവധി ഇൗ വർഷം തീരും

തെറാപ്പിസ്റ്റു തസ്തികയിലേക്കുളള പി.എസ്.സി റാങ്ക് ലിസ്റ്റ് ഇൗ വർഷം തീരും. 275 പേർ ലിസ്റ്റിലുണ്ട്. ലിസ്റ്റിൽ നിന്ന് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് അസോസിയേഷൻ സർട്ടിഫൈഡ് ആയുർവേദ തെറാപ്പിസ്റ്റ് നിവേദനം നൽകിയിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധികാരണം നിയമനം വൈകുകയാണ്.