ശബരിമല: പ്രളയത്തെത്തുടർന്ന് കുത്തിയൊഴുകുന്ന പമ്പ നീന്തിക്കടന്ന് അയ്യപ്പന് നിറപുത്തരി കാണിക്കവയ്ക്കാൻ സഹായിച്ച ജോബിക്കും ബിനുവിനും ദേവസ്വംബോർഡിൽ ജോലി നൽകി. സന്നിധാനത്തെ കാണിക്ക എണ്ണുന്ന ഭണ്ഡാരത്തിലെ താത്കാലിക ജീവനക്കാരായാണ് നിയമനം. കഴിഞ്ഞദിവസം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്ര പ്രസാദിൽ നിന്ന് നിയമന ഉത്തരവ് വാങ്ങി അവർ ജോലിയിൽ പ്രവേശിച്ചു. അതിനുമുമ്പ് അയ്യപ്പസ്വാമിയെ തൊഴുതു.
2018ലെ പ്രളയത്തെ തുടർന്ന് മുടങ്ങാമായിരുന്ന തിരുസന്നിധിയിലെ നിറപുത്തരി ആഘോഷത്തിന് തടസം വരാതിരിക്കുന്നതിന് പമ്പാനദി നീന്തിക്കടന്ന് നെൽക്കതിർക്കെട്ട് സന്നിധാനത്ത് എത്തിച്ചത് കണമല സ്വദേശി ജോബിയും തുലാപ്പള്ളി സ്വദേശി ബിനുവുമായിരുന്നു. കഴിഞ്ഞ 10 വർഷമായി പമ്പയിലെ ട്രാക്ടർ ഡ്രൈവറായിരുന്നു ജോബി. ബിനു ട്രാക്ടറിലെ സഹായിയും .
നിറപുത്തരി ചടങ്ങ് മുടങ്ങാതിരിക്കാൻ അവർ കാട്ടിയ ധൈര്യത്തിന് അന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ 5001 രൂപ സമ്മാനം നൽകിയിരുന്നു. ജോലി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇതിനായി ഇരുവരും അപേക്ഷ നൽകിയെങ്കിലും ബോർഡ് പരിഗണിച്ചില്ല.
റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നതിനാൽ ഭണ്ഡാരത്തിൽ ഇവരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിൽ നിയമവശം പരിശോധിക്കേണ്ടതുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞു.
ആ പ്രളയ കാലത്ത് ..
2018 ആഗസ്റ്റ് 14നായിരുന്നു ശബരിമലയിലെ നിറപുത്തരി. മഹാപ്രളയത്തിൽ പമ്പ കരകവിഞ്ഞൊഴുകിയ സമയം. അച്ചൻകോവിലിൽ നിന്ന് കൊയ്തുകൊണ്ടുവന്ന കതിർകറ്റകൾ കൊണ്ടുവേണം നിറപുത്തരി നടത്താൻ. കതിർ കറ്റകൾ അക്കരെയെത്തിക്കാൻ കൊല്ലത്തു നിന്ന് മത്സ്യത്തൊഴിലാളികളുടെ വള്ളം കൊണ്ടുവന്നു. പക്ഷേ കുത്തൊഴുക്കിൽ വള്ളമിറക്കാനായില്ല. വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി കറ്റകൾ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. പമ്പാനദിയുടെ കരയിൽ വളർന്ന ജോബിയുടെയും ബിനുവിന്റെയും സഹായം ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ തേടുകയായിരുന്നു. പ്ളാസ്റ്റിക് ചാക്കിൽ കെട്ടിയ കതിർകറ്റയുമായി സാഹസികമായാണ് ഇരുവരും പമ്പ നീന്തിക്കടന്നത്.