ശബരിമല: സന്നിധാനത്ത് വിരിവയ്ക്കാൻ വിശാലമായ സൗകര്യമൊരുക്കിയെന്ന ദേവസ്വം ബോർഡിന്റെ അവകാശവാദം പൊളിയുന്നു. മഴ ശക്തമായാൽ കയറി നിൽക്കാൻ പോലും ഇടമില്ലാ എന്നാണ് ഭക്തരുടെ പരാതി. മഴ നനയാതെ ഭക്തർക്ക് വിരിവയ്ക്കുന്നതിനും വിശ്രമിക്കുന്നതിനുമായി നിർമ്മിച്ച വടക്കേനടയിലെ ഇരുനില കെട്ടിടവും മാളികപ്പുറം നടപന്തലും ഭണ്ഡാരമായും ക്യൂ കോംപ്ളക്സുകളായും രൂപമാറ്റം വരുത്തിയതോടെയാണ് വിരിയിടം നഷ്ടമായാണ്. തിരുമുറ്റം, വടക്കേനട, ഗസ്റ്റ് ഹൗസിന് മുൻവശം, പാണ്ടിത്താവളം, മരാമത്ത് കോംപ്ലക്സിന് സമീപം എന്നിവിടങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ വിരിവയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ മഴ നനയാതിരിക്കാൻ യാതൊരു ക്രമീകരണവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും വിശ്രമിക്കാനും അനുവദിച്ചിരിക്കുന്നത് ഭക്തർക്ക് ഏറെ ആശ്വസമായിട്ടുണ്ട്.
പഴയ മീഡിയ സെന്ററിന് മുകൾവശം, മാഗുണ്ട അയ്യപ്പനിലയം എന്നിവിടങ്ങളിൽ നനയാതെ വിശ്രമിക്കാനുള്ള സൗകര്യമുണ്ടെങ്കിലും തീർത്ഥാടകരുടെ എണ്ണം കണക്കിലെടുത്താൽ ഇതും പരിമിതമാണ്. അന്നദാന മണ്ഡപത്തിന് മുകളിലും പൊലീസ് ബാരക്കിന് എതിർവശത്തും പാണ്ടിത്താവളം എന്നിവിടങ്ങളിലുമായിയുള്ള 4681.5 ചതുരശ്ര മീറ്റർ സ്ഥലത്ത് പണം നൽകി വിരിവയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവ കൂടാതെ
ശബരി ഗസ്റ്റ് ഹൗസ്, പ്രണവം, സഹ്യാദ്രി, കൈലാസ്, പാലാഴി, സോപാനം, ശ്രീമണികണ്ഠ, ചിൻമുദ്ര, ശിവശക്തി, തേജസ്വിനി, ശ്രീമാത, മരാമത്ത് ഓഫീസ് കോംപ്ലക്സ് എന്നിങ്ങനെ വാടകയ്ക്ക് നൽകുന്ന 12 കെട്ടിടങ്ങളും നിലവിലുണ്ട്. ഇവയിലെല്ലാം കൂടി 540 മുറികളാണ് ഉള്ളത്. വലിയ നിരക്കുകളാണ് ഇവി‌ടെ.