കോന്നി : മലയോര മേഖലയ്ക്ക് ഉത്സവഛായ സമ്മാനിക്കുന്ന കോന്നി ഫെസ്റ്റ് 20 മുതൽ ജനുവരി ഒന്നുവരെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ കോന്നി നിയോജക മണ്ഡലത്തിന്റെ സാമൂഹിക- സാംസ്കാരിക- കലാ രംഗത്ത് പ്രവർത്തിക്കുന്ന കൾച്ചറൽ ഫോറം തുടർച്ചയായി നാലാം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
20 ന് വൈകിട്ട് ആറിന് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൾച്ചറൽ ഫോറം ചെയർമാനുമായ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിക്കും. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കലാസന്ധ്യ ചലച്ചിത്രതാരം മാമൂക്കോയ ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ ശിങ്കാരി മേളം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. സംസ്ഥാന സ്കൂൾ കലോത്സവ വിജയികളെ അടൂർ പ്രകാശ് ആദരിക്കും.
കുട്ടികൾക്കുള്ള വിനോദങ്ങൾ, വാഹന പ്രദർശനം, സംഗീത ജലധാര, അപൂർവ ഇനം പക്ഷികളുടെ പ്രദർശനം, ശീതീകരിച്ചതുൾപ്പടെ നൂറോളം സ്റ്റാളുകൾ, പുഷ്പ, ഫല പ്രദർശനം എന്നിവയുണ്ടാകും. 21 ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ക്രിസ്മസ് ഗാനമത്സരം, 30 ന് ഉച്ചയ്ക്ക് രണ്ടിന് ചിത്രരചനാ മത്സരം .
29 ന് പ്രവാസി സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ പ്രവാസികളുടെയും കുടുംബങ്ങളുടെയും സുഹൃത്തുകളുടെയും കലാപരിപാടികൾ . ചലച്ചിത്രതാരം സ്വാസിക ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യ ഉണ്ടായിരിക്കും.
ശനി, ഞായർ, ക്രിസ്മസ്, പുതുവത്സര ദിനങ്ങളിൽ രാവിലെ 11 മുതലും മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുമായിരിക്കും പ്രദർശനം. ദിവസേന നടക്കുന്ന കൗതുക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും. മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മെഗാ സമ്മാനങ്ങൾ നൽകും. പൂർണ്ണമായും ഹരിത ചട്ടം പാലിച്ച് സംഘടിപ്പിക്കുന്ന മേളയിൽ നിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫോറം ചെയർമാൻ റോബിൻ പീറ്ററും കൺവീനർ ശ്യാം .എസ്. കോന്നിയും അറിയിച്ചു. പന്തൽ കാൽനാട്ട് ഇന്ന് രാവിലെ 11 ന് നടക്കും.