mannady
മണ്ണടി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ഉദ്ഘാടനം ചെയ്യുന്നു.

മണ്ണടി: ക്ഷേത്രങ്ങളേയും ആചാരങ്ങളേയും തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നടക്കുന്നത് തിരിച്ചറിയാൻ ഭക്തർക്ക് കഴിയണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അഭിപ്രായപ്പെട്ടു.മണ്ണടി കാർത്തിക പൊങ്കാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയപാർട്ടികൾ തമ്മിൽ ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.ക്ഷേത്രമതിൽ കെട്ടിനകത്ത് ശാന്തിയും സമാധാനവുമാണ് വേണ്ടത്.അവിടേക്ക് രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ വരുമാനം ക്ഷേത്രപുനരുദ്ധാരണത്തിനും ക്ഷേത്ര സംബന്ധമായ കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. മറിച്ചുള്ള പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണെന്നും എൻ. വാസു പറഞ്ഞു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് അദ്ധ്യക്ഷത വഹിച്ചു.പഴയകാവ് മേൽശാന്തി ശിവദാസൻപോറ്റി പ്രസാദ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുധീഷ് കുമാർ , കൊട്ടാരക്കര ദേവസ്വം അസി.കമ്മീഷണർ ടി.എം.‌വിജയൻപിള്ള,സെക്രട്ടറി ആർ.സന്തോഷ്കുമാർ, മോഹനചന്ദ്രകുറുപ്പ്,സബ്ഗ്രൂപ്പ് ഓഫീസർ ജി.ചന്ദ്രവല്ലി എന്നിവർ സംസാരിച്ചു.