തിരുവല്ല: തൃക്കാർത്തികനാളിൽ ചക്കുളത്തമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാലയർപ്പിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് അഗ്‌നിപകർന്നത്. മറ്റ് അടുപ്പുകളിലേക്കും ഭക്തജനങ്ങൾ അഗ്‌നിപകർതോടെ പൊങ്കാലയ്ക്ക് തുടക്കമായി. തൂശനിലയിൽ ഗണപതിക്ക് ഒരുക്കി മൺചിരാത് കത്തിച്ച് ഭക്തർ, ചുടുകട്ടകൾ അടുക്കി ഒരുക്കിയ അടുപ്പിൽ പുത്തൻകലങ്ങളിൽ പൊങ്കാല പാകംചെയ്തു. അരി, ശർക്കര, കൽക്കണ്ടം, നെയ്യ്, മുന്തിരി, തേങ്ങ, പഴം തുടങ്ങിയവ ചേർത്തായിരുന്നു ദേവിക്കുള്ള നിവേദ്യം ഒരുക്കിയത്. പാകമായപ്പോൾ അടുപ്പണച്ച് ദേവിയുടെ വരവിനുള്ള കാത്തിരിപ്പായി. ശർക്കര പായസം കൂടാതെ വെള്ളച്ചോറും പാൽപ്പായസവും കുമ്പിളിൽ പൊതിഞ്ഞ ചക്കരച്ചോറുമെല്ലാം ഭക്തർ ദേവിക്കായി സമർപ്പിച്ചു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവിവിഗ്രഹ എഴുന്നെള്ളത്തിന് തിരിതെളിച്ച് കർപ്പൂരമുഴിഞ്ഞു ഭക്തർ വരവേൽപ്പ് നൽകി. വേദപണ്ഡിതന്മാർ ദേവിയെ 41 ജീവിതകളിലായി എഴുന്നെള്ളിച്ച് പൊങ്കാല നേദിച്ചു. പൊങ്കാല നിവേദ്യം തൊഴുകൈകളോടെ ദേവിക്ക് സമർപ്പിച്ച് ഭക്തജനങ്ങൾ സായൂജ്യരായി. ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രമുറ്റത്ത് നിന്നാരംഭിച്ച പൊങ്കാല അടുപ്പുകളുടെ നിര പ്രധാന വീഥികളിലും ഇടവഴികളിലുമെല്ലാം നിറഞ്ഞു. തിരുവല്ല എം.സി റോഡിലും പൊങ്കാല അടുപ്പുകളുമായി റോഡിനിരുവശവും സ്ത്രീകൾ നിരന്നിരുന്നു. പൊടിയാടി മാവേലിക്കര റോഡിലും പ്രധാന ഇടവഴികളിലുമെല്ലാം പൊങ്കാലയർപ്പിക്കാനായി ഭക്തർ ഇടംപിടിച്ചു. സമീപത്തെ ക്ഷേത്ര മൈതാനങ്ങളിലും പൊങ്കാലയർപ്പിക്കാൻ തിരക്കായിരുന്നു. പൊങ്കാല ഉത്സവത്തിൽ പങ്കെടുക്കാൻ വിവിധ നാടുകളിൽ നിന്നെത്തിയവർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കഞ്ഞിയും പയറും കുടിവെള്ളവും സംഭാരവും വിതരണം ചെയ്തു. വൈകിട്ട് ക്ഷേത്രത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിലും കാർത്തിക സ്തംഭം കത്തിക്കുന്നത് ദർശിക്കാനും ഭക്തജനങ്ങളുടെ തിരക്കായിരുന്നു.