കോഴഞ്ചേരി: നിവർത്തന പ്രക്ഷോഭനായകനും തിരുകൊച്ചി മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന സി. കേശവന്റെ പൂർണകായ വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്ന കോഴഞ്ചേരി സി.കേശവൻ സ്‌ക്വയർ നവീകരിക്കുന്നതിന് നടപടി തുടങ്ങി.സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പൈതൃകഗ്രാമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം.. സർ.സി.പി.രാമസ്വാമി അയ്യരുടെ നേതൃത്വത്തിൽ നടന്ന ദിവാൻ ഭരണത്തിനെതിരെ സി.കേശവൻ പ്രസംഗിച്ചത് കോഴഞ്ചേരിയിലാണ്. . തിരുവിതാംകൂറിൽ ഉദ്യോഗ നിയമനം, ജനപ്രതിനിധി സഭാപ്രാതിനിധ്യം എന്നിവയിൽ നീതി നിഷേധിക്കപ്പെട്ട ഈഴവ ക്രിസ്ത്യൻമുസ്ലീം വിഭാഗങ്ങൾ ചേർന്ന് നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെ അമരക്കാരനായി നിന്നുകൊണ്ടായിരുന്നു പ്രസംഗം.ഇതിന്റെ സ്മരണ നിലനിറുത്തുന്നതിനായി 1986ലാണ് പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തി കോഴഞ്ചേരിയുടെ ഹൃദയഭാഗത്ത് ഫലകം സ്ഥാപിച്ചത്.2003 മേയ് 11ന് എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഇവിടെ സി.കേശവന്റെ പൂർണകായ വെങ്കല പ്രതിമ സ്ഥാപിച്ചു. എന്നാൽ തുടർന്നിങ്ങോട്ട് സംരക്ഷണം വേണ്ട രീതിയിൽ നടന്നില്ല. എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ അഭ്യർത്ഥന മാനിച്ചാണ് ഇപ്പോൾ നവീകരണ നടപടി.യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായിരുന്ന കെ.പത്മകുമാർ ഈ ആവശ്യം ഉന്നയിച്ച് എം.എൽ.എ.യ്ക്ക് നിവേദനം നൽകിയിരുന്നു.
വീണാ ജോർജ് എം.എൽ.എ. ഇന്നലെ സ്ഥലം സന്ദർശിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജിലി.പി.ഈശോ, യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹന ബാബു, യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാട്ടിൽ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ്, കോഴഞ്ചേരി ശാഖാ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ ഒപ്പമുണ്ടായിരുന്നു
---------------------------
ഫോട്ടോ .വീണാ ജോർജ് എം.എൽ.എ. കോഴഞ്ചേരി സി.കേശവൻ സ്‌ക്വയർ സന്ദർശിക്കുന്നു. ബിജിലി.പി.ഈശോ,കെ.പത്മകുമാർ, മോഹന ബാബു, വിജയൻ കക്കാട്ടിൽ, പി.ആർ.രാഖേഷ് എന്നിവർ സമീപം.