ശബരിമല: വയോജനങ്ങളും ഭിന്നശേഷിക്കാരുമായ തീർത്ഥാടകരെ സഹായിക്കാനായി ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും ചേർന്ന് നടപ്പാക്കുന്ന സുദർശനം പദ്ധതിയുടെ സന്നദ്ധ പ്രവർത്തകരായി 20 പേരാണ് പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി സേവനത്തിനുള്ളത്. വൃദ്ധജനങ്ങൾക്കും ശാരീരിക അവശതകളുള്ളവർക്കുമായി സന്നിധാനത്ത് ദർശനത്തിന് പ്രത്യേക സൗകര്യം, മല കയറാൻ കഴിയാത്തവർക്ക് പമ്പയിൽ നിന്ന് ഡോളി, അടിയന്തര വൈദ്യസഹായം, കുടിവെള്ളം, കാനനപാതകളിൽ ഇരിപ്പിട സൗകര്യം, അടിയന്തര ഘട്ടങ്ങളിൽ താമസ സൗകര്യം എന്നിവയാണ് ഇവർ ഒരുക്കുന്നത്. പമ്പയിലെ ഹെൽപ്പ് ഡസ്‌കിൽ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ദ്വിഭാഷികളുടെ സേവനവുമുണ്ട്.