ശബരിമല: അയ്യനെ കാണാൻ എത്തുന്നവർക്ക് ആഹാരം വിളമ്പി മനസും വയറും നിറയ്ക്കുകയാണ് അന്നദാന മണ്ഡപം. 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഒരേസമയം രണ്ടായിരംപേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
രാവിലെ ഏഴുമണിക്ക് പ്രഭാതഭക്ഷണമായ ഉപ്പുമാവും, കടലക്കറിയും കുടിക്കാൻ ചുക്കുകാപ്പിയിലും തുടങ്ങുന്ന വിഭവങ്ങൾ. ഉച്ചയ്ക്ക് 12 മണി മുതൽ വിഭവ സമൃദ്ധമായ ഊണാണ് വിളമ്പുക. ചോറിനൊപ്പം സാമ്പാറും, അവയിലും തോരനും, അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവും. കഞ്ഞിയും, പയർകറിയും, അച്ചാറുമാണ് രാത്രിയിലെ ഭക്ഷണം. ഇങ്ങനെ പുലർച്ചെ വരെ നീളുന്ന വിഭവങ്ങൾ. വൃത്തി, ശുദ്ധി, രുചി എന്നിവ ഉറപ്പാക്കിയാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. വിളമ്പാനും വൃത്തിയാക്കാനുമായി 240പേരടങ്ങുന്ന സംഘം. നാലുടേൺ ആയിട്ടാണ് ഇവർ വിളമ്പുന്നത്. 50പേർ പാചകത്തിനുമുണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയായതിനാൽ 25 മിനിറ്റുകൊണ്ട് 25 കിലോ അരി ചോറാകും. 25 കിലോ റവയുടെ ഉപ്പുമാവ് തയ്യാറാകാൻ 20 മിനിറ്റ് മതി. അന്നദാന മണ്ഡപത്തിന്റെ താഴത്തെ നിലയിലാണ് അടുക്കള പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് ലിഫ്റ്റ് വഴി ഊട്ടുപുരയിലേക്ക് ഭക്ഷണം എത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ 900 കിലോ അരിയുടെ ചോറും കഞ്ഞിയും വരെ ഇവിടെ വിളമ്പീട്ടുണ്ട്. വിജിലൻസ്‌ പൊലീസിന്റെ നേതൃത്വത്തിലാണ് സ്റ്റോർ റൂമിൽ നിന്ന് അതതുദിവസത്തേക്കുള്ള അരിയും സാമഗ്രികളും അടുക്കളയിൽ എത്തിക്കുന്നത്. ഊണുകഴിക്കാനെത്തുന്നവർക്ക് സൗജന്യ കൂപ്പണുകൾ നൽകുന്നതും ഇവരുടെ നേതൃത്വത്തിലാണ്.
ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ കൃത്യമായി ബയോഗ്യാസ് പ്ലാന്റിലേക്ക് എത്തിക്കാനും ആധുനിക സംവിധാനം. ചൂടുവെള്ളം ഉപയോഗിച്ച് യന്ത്രസഹായത്തോടെയാണ് പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്നത്.