കോന്നി: അട്ടച്ചാക്കൽ വഞ്ചിപ്പടി പാലത്തിന്റെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വീതികുറഞ്ഞ പഴയ പാലം മാറ്റി പുതിയ പാലം നിർമ്മിച്ചിട്ട് നാളേറെ ആയെങ്കിലും പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിട്ടില്ല. വീതി കൂട്ടിയ പാലത്തിന്റെ പകുതിയോളം ഭാഗം റോഡിനെക്കാൾ ഉയർന്നു നിൽക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്​. തിരക്കേറിയ കുമ്പഴ വെട്ടൂർ അട്ടച്ചാക്കൽ കോന്നി റോഡിലാണ് പാലം. പാലത്തിന്റെ ഉയർന്നുനിൽക്കുന്ന ഭാഗം ടാർ ചെയ്ത്​ റോഡിനോട് ചേർത്തിട്ടില്ല. ലക്ഷങ്ങൾ മുടക്കി പാലം വീതി കൂട്ടിയിട്ടും നിലവിൽ പാലത്തിലൂടെ ഒരു സമയം ഒരു വശത്തേക്ക് മാത്രമേ വാഹനങ്ങൾക്ക്​ കടന്നു പോകാൻ കഴിയുന്നുള്ളു. ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിന് ഇടയാക്കുന്നെന്ന് മാത്രമല്ല വലിയ അപകടങ്ങൾക്കും കാരണമാകുന്നു. മാസങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കൊന്നപ്പാറ സ്വദേശി സിനോരാജ്​ മരിച്ചിരുന്നു.ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇതിനിടയിൽ ഇവിടെ നടന്നിട്ടുള്ളത്.തങ്കഅങ്കി ഘോഷയാത്ര ഉൾപ്പെടെ കടന്നു പോകുന്ന റോഡ് എന്ന നിലയിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് പാലം സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.എം കോന്നിത്താഴം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിജോ മോഡി ആവശ്യപ്പെട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടി പി.ഡബ്ല്യു.ഡി അധികൃതർക്ക് ലോക്കൽ കമ്മിറ്റി കത്ത് നൽകിയിട്ടുണ്ട്​.