പത്തനംതിട്ട: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അടയ്ക്കേണ്ട ക്ഷേമനിധി തുക ഭരണപക്ഷ നേതാവ് തട്ടിയെടുത്ത് മുങ്ങി. 10ലക്ഷത്തോളം രൂപയുടെ വെട്ടിപ്പാണ് നടന്നത്. സംഭവം പുറത്തായപ്പോൾ ഉന്നത നേതാക്കൾ ഇടപെട്ട് ആറ് ലക്ഷം തിരികെ അടപ്പിച്ചു. പത്തനംതിട്ടയിലെ ക്ഷേമനിധി ബോർഡിൽ താത്കാലിക ജീവനക്കാരനായ ക്ളാർക്കാണ് തട്ടിപ്പ് നടത്തിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മല്ലപ്പുഴശേരി സ്വദേശിയായ ഇയാൾ ഡി.വൈ.എഫ്.ഐ നേതാവുമാണ്.
ആയിരത്തോളം വരുന്ന തൊഴിലാളികൾ ക്ഷേമനിധി ഒാഫീസിൽ മാസംതോറും അടച്ച പണമാണ് തട്ടിയെടുത്തത്. ഒരു തൊഴിലാളി 240 രൂപയാണ് അടയ്ക്കുന്നത്. സംഭവം അറിഞ്ഞ ചില തൊഴിലാളി നേതാക്കൾ ക്ഷേമനിധി ഒാഫീസിലെത്തി പരാതിപ്പെട്ടപ്പോൾ അടുത്ത ബോർഡ് യോഗത്തിൽ പരിഹാരമുണ്ടാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകി. ഇതേ തുടർന്ന് സംഘടനകൾ സമരത്തിൽ നിന്ന് പിൻമാറി. തൊഴിലാളികളുടെ പണം തിരിച്ചടച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകി സമര രംഗത്തേക്കിറങ്ങുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
>>
തട്ടിപ്പ് ഇങ്ങനെ
തയ്യൽ തൊഴിലാളി ക്ഷേമനിധി തുക അടയ്ക്കുന്നത് 2017 മുതൽ ഒാൺലൈൻ ആക്കിയിരുന്നു. തിരുവനന്തപുരം ചീഫ് ഒാഫീസിൽ നിന്ന് ലഭിക്കുന്ന വെർച്വൽ നമ്പർ ഉളളവരാണ് ക്ഷേമനിധി തുക ഒാൺലൈനായി അടയ്ക്കാൻ യോഗ്യത നേടുന്നത്. ജില്ലയിലെ ക്ഷേമനിധി പട്ടികയിൽ 35000ത്തോളം തൊഴിലാളികൾ ഉണ്ടെങ്കിലും പകുതിയോളം ആളുകൾക്കാണ് ഒാൺലൈനായി പണം അടയ്കാൻ വെർച്വൽ നമ്പൽ ലഭിച്ചത്. മറ്റുളളവർ തുക ഒാഫീസിൽ നേരിട്ട് അടയ്ക്കുകയായിരുന്നു. പണം അടച്ചതായി തൊഴിലാളികളുടെ കൈവശമുളള പാസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രസീത് നൽകിയിരുന്നില്ല. പണം അടച്ചതായി മറ്റ് ഒാഫീസ് രേഖകളുമില്ല. ഒരു വർഷത്തിലേറെയായി തട്ടിപ്പ് തുടരുകയായിരുന്നു. ഒരു വർഷം പണം അടയ്ക്കാതിരുന്നതിനാൽ പലരുടെയും അംഗത്വം നഷ്ടപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംഭവം അറിഞ്ഞ് അൻപതോളം തൊഴിലാളികൾ കഴിഞ്ഞ മൂന്നിന് ക്ഷേമനിധി ഒാഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു.
''