കോന്നി : വിദ്യാർത്ഥി സംഘടനാ പ്രതിഷേധങ്ങളെ തുടർന്ന് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ അദ്ധ്യാപകനെ പുറത്താക്കാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചു.വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും സ്‌കൂൾ മാനേജുമെന്റും പി.ടി.എ യുമായി കോന്നി പൊലീസ് നടത്തിയ ചർച്ചയിലാണ് തീരുമാനം. കോന്നിയിലെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപകനായ വെള്ളപ്പാറ സുരാസു വീട്ടിൽ സുകേഷ്(40)നെ ആണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം കോന്നി പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. 2009ലും സമാനമായ കേസിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു.സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കോന്നി പൊലീസ് സർക്കിൾ ഇൻസ്പക്ടർ എസ്.അഷാദിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച വിളിച്ചത്.എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ജിബിൻ,കെ.എസ്.യു പ്രതിനിധി റോബിൻ മോൻസി,എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയംഗം എസ്.അജിത്, മണ്ഡലം സെക്രട്ടറി ഹനീഷ് കൊല്ലൻപടി, വൈസ് പ്രസിഡന്റ് വിനീത്,അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് രാധിക റാണി,മാനേജ്‌മെന്റ് പ്രതിനിധി സുനിൽ സ്വാമി,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കൃഷ്ണകുമാർ,പി.ടി.എ പ്രസിഡന്റ് തമ്പി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.