തിരുവല്ല: നഗരസഭയുടെ പരിധിയിലെ തകർച്ചയിലായ മോട്ടോർതറ ബലപ്പെടുത്താൻ നടപടി വൈകുന്നത് കർഷകരെ ആശങ്കയിലാക്കി. മണൽചാക്കുകൾ അട്ടികളായി അടുക്കി പ്രശ്നം താൽക്കാലികമായി പരിഹരിക്കാൻ കർഷകരുടെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള ചെലവുകൾ കൃഷിഭൂമി പാട്ടത്തിനെടുത്ത കർഷകരാണ് ചെയ്യുന്നത്.കവിയൂർ പുഞ്ചയിൽ കൃഷിക്കുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കുറ്റപ്പുഴ മാർത്തോമ്മാ കോളേജിന് പിന്നിലായുള്ള മോട്ടോർതറ തകർച്ചയിലായത്. മോട്ടോർതറയുടെ ഭാഗമായ തൂണുകൾ താഴുകയും ഭിത്തിയിൽ വിള്ളലും ഉണ്ടായതോടെ തോട്ടിലെ ഉയർന്ന ജലനിരപ്പ് പാടത്തേക്ക് കയറിത്തുടങ്ങി.വിതയ്ക്കൽ തുടങ്ങിയ പാടങ്ങളിൽ കൂടുതൽ വെള്ളമെത്തുന്നത് വിത്ത് നശിച്ചുപോകാൻ ഇടയാക്കും.പതിറ്റാണ്ടുകളായി തരിശുകിടന്നശേഷം കഴിഞ്ഞ വർഷമാണ് ആയിരം ഏക്കറോളമുള്ള കവിയൂർ പുഞ്ചയിൽ കൃഷിതുടങ്ങിയത്.വലിയതോട്ടിലൂടെ എത്തുന്ന വെള്ളമാണ് വലിയ മോട്ടോർ സംവിധാനം ഉപയോഗിച്ച് കുറ്റപ്പുഴ തോട്ടിലൂടെ പുറത്തേക്ക് വിടുന്നത്. വെള്ളംവറ്റിച്ച അണ്ണവട്ടം,ആമല്ലൂർ,മീന്തലക്കര എന്നീ പാടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിതയ്ക്കൽ നടന്നിരുന്നു. നാട്ടുകടവിലും ഉടൻ വിതയ്ക്കൽ പൂർത്തിയാക്കണം.കവിയൂർ പുഞ്ചയിൽ നഗരസഭാ പ്രദേശത്ത് വരുന്ന പാടങ്ങളാണ് ഇവയെല്ലാം.
ക്രമീകരണങ്ങൾ തകിടം മറിഞ്ഞു
തോട്ടിൽ മൂന്ന് കള്ളികളായി തിരിച്ചാണ് മോട്ടോർ സ്ഥാപിച്ചിരിക്കുന്നത്. രണ്ടുവശത്തും മണൽചാക്കും അടുക്കിയിട്ടുണ്ട്. തോട്ടിലെ വെള്ളം തിരിച്ച് പാടത്തേക്ക് കയറാതിരിക്കാനാണിത്. മൂന്ന് അടിയോളം താഴ്ചയിൽ മോട്ടോർതറയുടെ തൂണുകൾ ഇരുത്തിയതോടെ ക്രമീകരണങ്ങൾ തകിടം മറിഞ്ഞു.
മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എത്തിയില്ല
കുറ്റപ്പുഴയിൽ മോട്ടോർതറ തകർന്നിട്ടു രണ്ടു ദിവസമായെങ്കിലും ബന്ധപ്പെട്ട ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിഹാരം ഉണ്ടാകാത്തത് കർഷകരെ ആശങ്കയിലാക്കി. മോട്ടോർ തറ തകരാറിലായത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്.ഇന്നലെ ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിച്ചെങ്കിലും വന്നില്ലെന്ന് കർഷകർ പറഞ്ഞു.കൃഷി ഓഫീസർ സുഗതകുമാരിയും അസിസ്റ്റന്റ് ജയചന്ദ്രനും മാത്രമാണ് സ്ഥലത്തെത്തി കർഷകർക്ക് ആശ്വാസം പകർന്നത്.
പാടശേഖരത്തിലെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാൻ കുറ്റപ്പുഴയിലെ തോടിനു ആഴംകൂട്ടാനുള്ള നടപടികൾ തുടങ്ങി.ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ഹിറ്റാച്ചി ഉപയോഗിച്ച് തോട് തെളിക്കൽ ആരംഭിച്ചു.
അനിൽകുമാർ
(പാടശേഖരസമിതി സെക്രട്ടറി)
-3അടി താഴ്ചയിൽ മോട്ടോർത്തറയുടെ തൂണുകൾ ഇരുത്തി
-മണൽചാക്കുകൾ അട്ടികളായി അടുക്കി താൽക്കാലീക പരിഹാരം
- തൂണുകൾ താഴ്ന്നു ഭിത്തിയിൽ വിള്ളൽ
-ജലനിരപ്പ് പാടത്തേക്ക് കയറിത്തുടങ്ങി