പത്തനംതിട്ട: മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗത്തിൽ ഭരണ, പ്രതിപക്ഷങ്ങൾ തമ്മിൽ കയ്യാങ്കളി. ചെയർപേഴ്‌സന്റെ മുറിക്കകത്ത് നടത്തിയ പ്രതിഷേധത്തിൽ ഇരുകൂട്ടരും പോര് വിളിച്ചാണ് കൈയാങ്കളിയിലേക്ക് കടന്നത്. പൊലീസ് എത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. വാക്കേറ്റത്തിനിടെ യു.ഡി.എഫ്. കൗൺസിലർ പി.കെ.ജേക്കബിനെ എൽ.ഡി.എഫ്. കൗൺസിൽമാർ പിടിച്ചു തള്ളിയെന്ന് ആരോപണമാണ് സംഘർഷത്തിൽ കലാശിച്ചത്. മാലിന്യ സംസ്‌കരണത്തെപറ്റി ചെയർപേഴ്‌സന്റെ വിശദീകരണം ആവശ്യപ്പെട്ട് നാല് എൽ.ഡി.എഫ്. കൗൺസിലർമാർ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുന്നയിച്ചിരുന്നു. കൗൺസിലിന്റെ അജണ്ട അട്ടിമറിക്കലാണ് എൽ.ഡി.എഫ് ലക്ഷ്യമെന്ന് തുടർന്ന് സംസാരിച്ച ഭരണപക്ഷത്തെ പി.കെ.ജേക്കബ് ആരോപിച്ചു.തുടർന്ന് ഏബൽമാത്യു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ തടസപ്പെടുത്തിയ എൽ.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സനെ ഉപരോധിക്കാൻ മാലിന്യപ്രശ്നത്തിന്റെ പ്ളാക്കാർഡുമായി പാഞ്ഞടുത്തു.യു.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സനെ ക്യാബിനകത്തേക്ക് കൊണ്ടുപോയി പ്രതിരോധം തീർത്തു. ഇരു കൂട്ടരും പരസ്പരം മുദ്രവാക്യം വിളിച്ച് വാക്പോര് നടത്തുന്നതിനിടെയാണ് കയ്യാങ്കളി നടന്നത്. പി.കെ.ജേക്കബിനെ എൽ.ഡി.എഫ് അംഗങ്ങൾ കൈയേറ്റം ചെയ്തെന്ന് ഭരണപക്ഷം ആരോപിച്ചു.ജനാധിപത്യ രീതിയിലുളള തങ്ങളുടെ പ്രതിഷേധം അനുവദിക്കാതെ ഭരണപക്ഷം സംഘർഷമുണ്ടാക്കി വിഷയം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് എൽ.ഡി.എഫ് ആരോപിച്ചു. മാലിന്യം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ ഭരണ സമിതിയ്ക്ക് കഴിയുന്നില്ലെന്നും അഴിമതി മാത്രമാണ് നടക്കുന്നതെന്നും എൽ.ഡി.എഫ്.പാർലമെന്ററി പാർട്ടി ലീഡർ പി.കെ.അനീഷ് പറഞ്ഞു.സംഘർഷത്തിന് സാദ്ധ്യതയുണ്ടന്ന് മുന്നിൽ കണ്ട് വനിതാ പൊലീസ് അടക്കം ഇരുപതോളം പൊലീസുമാർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
മാലിന്യ സംസ്കരണം ഉൗർജിതമാക്കുമെന്ന് നഗരസഭ
നഗരസഭയിലെ മാലിന്യസംസ്കരണ സംവിധാനം ഉൗർജിതമാക്കുന്നതിന് ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന അമല എക്കോ ക്ളീൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി നഗരസഭ കരാർ ഒപ്പുവയ്ക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ചേർത്തലയിൽ സംസ്കരിക്കുന്ന രീതിയിലാണ് കാരാർ.
> വീടുകളിൽ ജൈവ വസ്തുക്കൾ സംസ്കരിക്കുന്നതിന് നഗരസഭ സബ്സിഡിയോടെ റിംഗ് കമ്പോസ്റ്റ്, ബയോബിൻ കമ്പോസ്റ്റ് യൂണിറ്റുകൾ വിതരണം തുടങ്ങി.
> പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, മാർക്കറ്റ്, കുമ്പഴ എന്നിവിടങ്ങളിൽ തുമ്പൂർമുഴി മോഡൽ സംസ്കരണ കേന്ദ്രങ്ങളിൽ രാവിലെ ഏഴ് മുതൽ 12വരെ ജൈവ മാലിന്യങ്ങൾ ശേഖരിക്കും.
> പ്ളാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്ന് ഹരിതകർമ്മ സേന ശഖേരിക്കും.
> പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കും.
യു.ഡി.എഫ് പ്രതിഷേധിച്ചു
മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയതിലും കൗൺസിലർ പി.കെ.ജേക്കബിനെ കൈയേറ്റം ചെയ്തതിലും യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം പ്രതിഷേധിച്ചു. പാർലമെന്ററി പാർട്ടി ലീഡർ റോഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ റോസ്ലിൻ സന്തോഷ്,വൈസ് ചെയർമാൻ എ. സഗീർ,കൗൺസിലർമാരായ റജീന ഷെരീഫ്, കെ.ജാസിംകുട്ടി,സിന്ധു അനിൽ,സജി കെ.സൈമൺ,രജനി പ്രദീപ്, ഗീതാസുരേഷ്,പി.കെ.ജേക്കബ്, കെ.ആർ.അരവിന്ദാക്ഷൻ നായർ,ഏബൽ മാത്യു തുടങ്ങിയവർ സംസാരിച്ചു.