പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡ് ഫ്രീക്കൻമാരുടെയും സാമുഹ്യ വിരുദ്ധരുടെയും താവളമാകുന്നു. ബുധനാഴ്ച ഉച്ചക്ക് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയിട്ടും പൊലീസ് അനങ്ങിയില്ല. കൂട്ട അടിയും കല്ലേറുമായിരുന്നു. ബസ് കാത്തുനിന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ സംഘർഷം കണ്ട് ഭയന്നോടി. ചിലർക്ക് വീണ് പരിക്കും പറ്റി. കല്ലേറ് ഏൽക്കാതിരിക്കാൻ യാത്രക്കാർ കടകളിൽ അഭയം തേടി.
സ്റ്റാൻഡിൽ രാവിലെ മുതൽ തമ്പടിക്കുന്ന വിദ്യാർത്ഥികളാണ് അക്രമകാരികളായതെന്ന് വ്യാപാരികൾ പറയുന്നു. ഇവർ രാവിലെ ഇവിടെ എത്തിയാൽ വൈകിട്ടാണ് പോകുന്നത്. സ്‌കൂളിലും കോളേജിലും പോകാതെ സ്റ്റാൻഡിൽ കറങ്ങി നടക്കുകയാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കും. എല്ലാ സൗകര്യങ്ങളും സ്റ്റാൻഡിൽ ഇവർക്ക് ലഭിക്കുന്നതായി പറയുന്നു. കഞ്ചാവ് ലോബികളും ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സ്‌കൂൾ യൂണിഫോമിൽ വരുന്ന വിദ്യാർത്ഥികൾ യൂണിഫോം മാറി സാധാരണ ഷർട്ടുമിട്ടാണ് രംഗത്ത് വരുന്നത്. ഇവർ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ ഒന്നാം നിലയിലെ ഒഴിഞ്ഞ മുറികൾ താവളമാക്കുന്നു. ഇവിടെ പെൺകുട്ടികളെയും കൂട്ടിയാണ് ചിലർ എത്തുന്നുത്. ഇവിടത്തെ വ്യാപാരികൾ നിരവധി തവണ പൊലീസിൽ പരാതി നൽകിയതാണെങ്കിലും ആരും തിരിഞ്ഞ് നോക്കാറില്ല. ശബരിമല സീസണായതിനാൽ രണ്ട് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുമില്ല. രാത്രികാലത്തും സ്റ്റാൻഡ് സാമൂഹ്യ വിരുദ്ധർ കയ്യടക്കുകയാണ്. ലൈറ്റുകൾ പ്രകാശിക്കാത്തത് കാരണം എന്ത് നടന്നാലും അറിയില്ല. കെ.എസ്. ആർ.ടി.സി സ്റ്റാൻഡ് പ്രവർത്തിക്കുന്നിടത്ത് മാത്രമാണ് ലൈറ്റുള്ളത്.