milma-ramesh

കൊല്ലം: ക്ഷീര കർഷകരിലൂടെ വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ മിൽമ പദ്ധതി ആരംഭിക്കുമെന്ന് തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശ് പറഞ്ഞു. ദക്ഷിണ കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട ക്ഷീര സഹകരണ സംഘങ്ങൾ മുഖേന ഈ സാമ്പത്തിക വർഷം തന്നെ പദ്ധതി ആരംഭിക്കുമെന്നും കല്ലട രമേശ് പറഞ്ഞു.

മിൽമ ഗ്രാമോത്സവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ക്ഷീര സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മിൽമ നാല് ജില്ലകളിലെ ക്ഷീര കർഷകർക്ക് മുന്തിയ ഇനം കറവ പശുക്കളെ വാങ്ങാനായി 40 കോടി രൂപയുടെ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

മിൽമ പാലിന്റെയും പാലുല്പന്നങ്ങളുടെയും ഗുണമേൻമ കൂടുതൽ മെച്ചപ്പെടുത്താനായി അന്താരാഷ്ട്ര ഗുണനിലവാരമുള്ള പാലുൽപ്പാദിക്കാൻ ക്ഷീര കർഷകരെയും ക്ഷീര സംഘം ഭാരവാഹികളെയും പ്രാപ്തരാക്കാനുതകുന്ന തരം ശില്പശാലകൾ ഉൾപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് മിൽമ ഗ്രാമോത്സവങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.

തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡംഗം വി. വേണുഗോപാല കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡംഗം കെ. രാജശേഖരൻ, മാനേജിംഗ് ഡയറക്ടർ കുര്യാക്കോസ് സക്കറിയ, കൊല്ലം ഡെയറി മാനേജർ ഡോ. പി. മുരളി, ഇ. ആർ. സന്തോഷ് കുമാർ, ഡോ: സൂരജ് കെ.ജെ എന്നിവർ സംസാരിച്ചു.