ഇളമണ്ണൂർ : അടൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു. അടൂർ മുതൽ ഇളമണ്ണൂർ വരെയുള്ള ഭാഗങ്ങളിൽ ഇളമണ്ണൂർ, മരുതിമൂട്, പഞ്ചായത്ത് ജംഗ്ഷൻ,പട്ടാഴിമുക്ക് എന്നിവിടങ്ങളിൽ ദിവസങ്ങളായി ഇത്തരത്തിൽ പൈപ്പ് പൊട്ടി ജലം പാഴാകുകയാണ്. മുൻപ് പഴയ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിച്ച ശേഷം അടൂർ മുതൽ ഇളമണ്ണൂർ വരെ ഉന്നത നിലവാരത്തിൽ ടാറിംഗ് പണികൾ പൂർത്തിയാക്കിയ ശേഷം നിരവധിയിടങ്ങളിൽ ഇത്തരത്തിൽ പൈപ്പുകൾ പൊട്ടി റോഡ് തകർന്നിരുന്നു. കൂടാതെ വാട്ടർ അതോറിറ്റി പൈപ്പ് മാറ്റിയിട്ടപ്പോൾ ശരിയായ രീതിയിൽ കുഴികൾ മൂടാത്തത് മൂലം പറക്കോട് മുതൽ പ്ലാന്റേഷൻ മുക്ക് വരെ റോഡിന്റെ ഇരുവശവും ഇടിഞ്ഞ് താണിരുന്നു. പത്തനംതിട്ട വിജിലൻസ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളായി നടത്തിയ അന്വേഷണത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഭാഗത്തെ അനാസ്ഥയാണ് 9 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു.എന്നാൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ വിജിലൻസിന്റെ ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തു.താഴ്ന്ന ഭാഗങ്ങൾ ഉയർത്തി ബലപ്പെടുത്തി നൽകണമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങൾ പുനർ നിർമ്മിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും വിജിലൻസ് വിഭാഗം നിർദ്ദേശം നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും പഴയ അവസ്ഥ തുടരുകയാണ്. ഇടിഞ്ഞു താണ റോഡിലൂടെ കുട്ടികളെ ഉൾപ്പെടെ പിന്നിലിരുത്തി വരുന്ന ഇരുചക്ര വാഹന യാത്രികർ പേടിയോടെയാണ് ഈ ഭാഗത്ത് കൂടി കടന്ന് പോകുന്നത്. രാത്രികാലങ്ങളിൽ നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇതു കൂടാതെയാണ് ഇപ്പോൾ പല ഭാഗങ്ങളിലായി പൈപ്പുകൾ പൊട്ടി റോഡുകൾ തകരുകയും ചെയ്യുന്നത്.പല പഞ്ചായത്തുകളിലും വേനൽക്കാലമായതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുമ്പോഴാണ് നിരവധി ഇടങ്ങളിൽ പൈപ്പുകൾ പൊട്ടി ലക്ഷകണക്കിന് ലിറ്റർ ജലം പാഴാകുന്നത്.
പറക്കോട് മുതൽ പ്ലാന്റേഷൻ മുക്ക് വരെ ശ്രദ്ധിച്ച് വാഹനമോടിച്ചാൽ പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും.
രാധാമണി
(ഇരുചക്ര വാഹന യാത്രിക)