പത്തനംതിട്ട: ഗവി വനത്തിൽ കഴിഞ്ഞ ആദിവാസി കുടുംബത്തെ കൊച്ചുപമ്പയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തല്ലിയാേടിച്ച് കാടിന് പുറത്താക്കി. കിടപ്പാടം തകർത്ത് രേഖകളും വസ്ത്രങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇനി തിരിച്ചുവന്നാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് കൈക്കുഞ്ഞുങ്ങളടക്കമുളള കുടുംബം പത്തനംതിട്ടയിലെയും ചിറ്റാറിലെയും തെരുവുകളിൽ അലയുന്നു. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റിരുന്ന കുടുംബത്തിന്റെ വരുമാന മാർഗം അടഞ്ഞതോടെ കുട്ടികളടക്കം പട്ടിണിയിലായി. ആളുകളുടെ മുന്നിൽ കൈനീട്ടിയാണ് വിശപ്പടക്കാൻ മാർഗം തേടുന്നത്.

മലപണ്ടാര വിഭാഗത്തിലെ കൊച്ചുപമ്പ നാൽപ്പത് ഏക്കറിൽ താമസിക്കുന്ന രവീന്ദ്രൻ (74), ഭാര്യ ഇന്ദിര, മകൻ അജയൻ, ഭാര്യ ഷൈല, മക്കൾ ഹരിനന്ദൻ (4), ശ്യാം (3), അനുഗ്രഹ (ഏഴ് മാസം) എന്നിവരെയാണ് തല്ലിയോടിച്ചത്.

പത്തനംതിട്ട പൊലീസ് ചീഫിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് ആദിവാസി കുടുംബത്തെ തിരികെ കൊച്ചുപമ്പയിൽ താമസിപ്പിക്കാൻ നടപടിയായിരുന്നു. തുടർന്ന് താമസ സ്ഥലത്ത് എത്തിയപ്പോൾ ഇനി ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് കുടുംബത്തെ പുറത്താക്കുകയായിരുന്നു. തുടർന്ന് റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഒാഫീസിൽ നിന്നുളള നിർദേശ പ്രകാരം ആങ്ങമൂഴി ചെക്പോസ്റ്റിന് സമീപമാണ് കുടുംബം താൽക്കാലികമായി കുടിൽ കെട്ടിയത്.

കാട്ടുവിഭവങ്ങളുടെ പണം ചോദിച്ചതിന് മർദ്ദനം

ഉൾക്കാടുകളിൽ നിന്ന് ശേഖരിച്ചു കൊണ്ടുവന്ന തേനും കുന്തിരക്കവും വാങ്ങിയ കൊച്ചുപമ്പ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് അതിന്റെ പണം ചോദിച്ചതിന്റെ പേരിലായിരുന്നു മർദ്ദനമെന്ന് രവീന്ദ്രൻ പറഞ്ഞു. പല ദിവസങ്ങളിലായി കുന്തിരക്കവും തേനും കൊടുത്തതിന് ആയിരം രൂപയാണ് കിട്ടേണ്ടിയിരുന്നത്. പണം ചോദിച്ചതിന് ആദ്യം അസഭ്യം പറഞ്ഞു. വീണ്ടും തേനും കുന്തിരക്കവും ആവശ്യപ്പെട്ടപ്പോൾ കൈവശമില്ലെന്ന് പറഞ്ഞു. രാത്രി മദ്യപിച്ചെത്തിയ കെ.എസ്.ഇ.ബി അസി.എക്സിക്യൂട്ടീവ് ഒാഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കിടപ്പാടം തകർത്തു. തന്നെയും ഭാര്യയെയും പല തവണ മർദ്ദിച്ചു. മകൻ അജയനെ കണ്ടാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ നവംബർ 25മുതൽ 30 വരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രനും ഇന്ദിരയും.

ചികിത്സ കഴിഞ്ഞ് കൊച്ചുപമ്പയിലെ താമസ സ്ഥലത്ത് ചെന്നപ്പോൾ വസ്ത്രങ്ങൾ, മക്കളുടെ ജനന സർട്ടിഫിക്കറ്റുകൾ, കുന്തിരിക്കം, വെട്ടുകത്തി, കോടാലി, വല തുടങ്ങിയ സാധനങ്ങൾ കാണാനില്ല. തൊട്ടടുത്ത കെ.എസ്.ഇ.ബി ഒാഫീസിൽ അന്വേഷിച്ചപ്പോൾ ഇനി ഇവിടെ കണ്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. അവിടെ നിന്ന് മടങ്ങി ജില്ളാ കളക്ടർക്ക് പരാതി നൽകി നടപ‌ടിക്കായി കാത്തിരിക്കുകയാണ് ആദിവാസി കുടുംബം.

കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് താമസ സ്ഥലത്തിനടുത്ത് ഉ‌രുൾപൊട്ടിയതിനാൽ കൊച്ചുപമ്പയിലെ ഉപയോഗമില്ലാത്ത കെ.എസ്.ഇ.ബി കെട്ടിടത്തിലായിരുന്നു രവീന്ദ്രനും കുടുംബവും താമസിച്ചത്. ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ടാർപ്പാളിൻ കെട്ടിയാണ് താമസിച്ചിരുന്നത്. ഇതാണ് നശിപ്പിച്ചത്.

>>>

പരാതിയെപ്പറ്റി അറിയാൻ കൊച്ചു പമ്പ കെ.എസ്.ഇ.ബി ഒാഫീസിൽ വിളിച്ചെങ്കിലും പ്രതികരിക്കാനോ എതിർ കക്ഷിയായ അസി.എക്സി. ഒാഫീസറുടെ ഫോൺ നമ്പർ നൽകാനോ അധികൃതർ തയ്യാറായില്ല.