നിയമസഭ പിന്നാക്ക സമുദായ ക്ഷേമ സമിതി സിറ്റിംഗ് നടത്തി;

പത്തനംതിട്ട: കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി യോഗം പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സമിതി അംഗങ്ങളായ കെ.അൻസലൻ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ, എ.ഡി.എം അലക്‌​സ് പി.തോമസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
പിന്നാക്ക സമുദായത്തിൽപ്പെട്ടവരിൽ നിന്ന് ക്ഷേമ സമിതിക്കു ജില്ലയിൽ നിന്നു ലഭിച്ച മൂന്നു പരാതികൾക്കു പുറമെ യോഗത്തിൽ എത്തിയ സംഘടനകൾ, വ്യക്തികളിൽ എന്നിവരിൽ നിന്നുള്ള പരാതികളും സമിതി പരിഗണിച്ചു. ലഭിച്ച പരാതികളിൽ നിന്നും രണ്ടു പരാതികൾ തീർപ്പാക്കുകയും മറ്റു പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അതത് വകുപ്പുകളോട് നിർദേശിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ഒ.ബി.സി വിഭാഗത്തിലെ 30 സമുദായങ്ങൾക്ക് ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യം വിളക്കിത്തല നായർ സമുദായം പോലെയുള്ള ഒ.ബി.സി സമുദായങ്ങൾക്കു ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തരമായി എല്ലാ സ്​കൂളുകളിലേക്കും ഈ ഉത്തവിന്റെ പകർപ്പ് അയച്ചു കൊടുക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് സമിതി നിർദേശിച്ചു. ട്രെയിൻ യാത്രയ്ക്കിടയിൽ പണിയായുധങ്ങൾ നഷ്ടപ്പെട്ടതോടെ ഉപജീവനം വഴിമുട്ടിയ യുവാവിന് അടിയന്തരമായി പണിയായുധങ്ങൾ അടങ്ങിയ ടൂൾ കിറ്റ് നൽകണമെന്ന് അദ്ദേഹത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗ വികസന കോർപറേഷനോട് സമിതി നിർദേശിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള ജൂനിയർ നഴ്‌​സ് തസ്തികയിലേക്ക് പി.എസ്.സി നിയമനം നടത്തണം എന്നതിനെ സംബന്ധിച്ച് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നിയമനത്തിൽ തീർപ്പുണ്ടായി.
ദേവസ്വം ബോർഡ്, എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സംവരണം പാലിക്കുന്നില്ല, സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10 കോടി രൂപയിൽ നിന്ന് വിശ്വകർമ പെൺകുട്ടികളുടെ വിവാഹത്തിനു ധനസഹായം അനുവദിക്കണം, ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിൽ അമിതഫീസ് ഈടാക്കുന്നതിനാൽ വിശ്വകർമ്മജരായ വിദ്യാർഥികൾക്ക് പഠിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു എന്നിവ ഉൾപ്പെടെ വിശ്വകർമ സമിതി, വിശ്വകർമ മഹാസഭ തുടങ്ങിയ സംഘടനകൾ നൽകിയ പരാതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും സമിതി വ്യക്തമാക്കി. പിന്നോക്ക സമുദായങ്ങൾക്കു വേണ്ടിയുള്ള ശങ്കരൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ പഠിച്ചതിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സമിതി അധ്യക്ഷൻ പറഞ്ഞു.
സർക്കാർ സർവീസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കു ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും പിന്നോക്ക സമുദായക്കാർ അഭിമുഖീകരിക്കുന്ന സാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ചുമാണു വ്യക്തികൾ, സംഘടനകളിൽ എന്നിവരിൽ നിന്നും നിവേദനങ്ങൾ സ്വീകരിച്ചത്.

യോഗത്തിൽ പങ്കെടുക്കാത്ത ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ
കർശന നടപടി: ചെയർമാൻ

നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതി യോഗത്തിൽ പങ്കെടുക്കാത്ത ഉയർന്ന ഉദ്യോഗസ്ഥർക്ക് എതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സമിതി ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. സമിതി അംഗങ്ങളായ കെ.അൻസലൻ എം.എൽ.എ, ടി.വി ഇബ്രാഹിം എം.എൽ.എ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ ആദ്യമായിട്ടാണ് നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമ സമിതി യോഗം ചേരുന്നത്. എന്നാൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് സമിതി റിപ്പോർട്ട് നൽകുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു.