പത്തനംതിട്ട: ജില്ലയിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതിനെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സംഘടിക്കുന്നു. ജില്ലയിലെ പല ഭാഗത്തെ കർഷകർ കൂട്ടയ്മകൾ രൂപീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ഒന്നിപ്പിച്ച് ഒരു കുടക്കീഴിലാക്കുന്നതിനാണ് ജില്ലാതല കൂട്ടായ്മയെന്ന് രക്ഷാധികാരി ടി.ആർ. ബാലഗോപാലൻനായരും സെക്രട്ടറി ടി.എ തോമസും പറഞ്ഞു. നാളെ ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി എസ്.എൻ.ഡി.പി യൂണിയൻ ഒാഫീസിലാണ് യോഗം.
കാട്ടുപന്നികളും കുരങ്ങുകളും വൻതോതിലാണ് കൃഷി നശിപ്പിക്കുന്നത്. കർഷകർ ഒറ്റയ്ക്കും സംഘടനകൾ വഴിയും വിഷയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിലാണ് ഭാവി പരിപാടികൾ ആലോചിക്കാൻ യോഗം ചേരുന്നത്. കർഷകരുടെ വലിയ കൂട്ടായ്മയിലൂടെ കാട്ടുപന്നികളെ തുരത്താൻ സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തും. കൂട്ടായ്മയിൽ ആയിരത്തോളം കർഷകർ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കാട്ട് പന്നി ആക്രമണം കാരണം പ്രതിസന്ധിയിലായ കർഷകർക്ക് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന പരാതികളേറെയാണ്.