നാരങ്ങാനം: സേവന മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ഐ.എസ്.ഒ.അംഗീകാരം നാരങ്ങാനം ഗ്രാമ പഞ്ചായത്ത് സ്വന്തമാക്കി.നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സമയപരിധിക്കുള്ളിൽ സേവനമേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്തുക്കൾക്ക് നൽകുന്ന അംഗീകാരമാണ് ഐ.എസ്.ഒ.കേരള സർക്കാർ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റിയൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) ആണ് ഐ.എസ്.ഒ. നേടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയത്. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ആർദ്രം പുരസ്‌കാരവും ഈ വർഷം നാരങ്ങാനം പഞ്ചായത്തിനെ തേടിയെത്തിയിരുന്നു. ഇതോടനുബന്ധിച്ച് പഞ്ചായത്തിൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ പറഞ്ഞു. വയോജനങ്ങളുടേയും ഭിന്നശേഷിക്കാരുടേയും സൗകര്യം പരിഗണിച്ച് ഇപ്പോൾ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റി സ്ഥാപിക്കും.ഈ വർഷം ലഭിച്ച സർക്കാർ ഗ്രാന്റുകൾ നൂറ് ശതമാനവും വിനിയോഗിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതി തയാറാക്കും. നികുതി പൂർണമായും പിരിച്ചെടുക്കുന്നതിന് 16 മുതൽ പഞ്ചായത്തിന്റെ എല്ലാ വാർഡിലും കളക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. അപാകതകൾ ഇല്ലാതെ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന അപേക്ഷകളിൽ അന്നു തന്നെ തീർപ്പുണ്ടാക്കുന്നതിനും സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഇപ്പോൾ കഴിയുന്നുണ്ട്. പഞ്ചായത്ത് ആഫീസിൽ ലഭിക്കുന്ന പരാതികൾക്ക് പെട്ടെന്ന് തീർപ്പുകൽപിക്കുന്നതിന് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കും.എ.ടി.എം. കാർഡ് വഴി പണമടയ്ക്കുന്നതിനുള്ള സൗകര്യവും ഉടൻ നിലവിൽ വരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.