തിരുവല്ല: പക്ഷിലോകത്തിലെ സുന്ദരന്മാരിൽ ഒരാളായ മേനിപ്പൊന്മാനെ തിരുവല്ലയിൽ കണ്ടെത്തി. തിരുവല്ല ഗവ.ആശുപത്രിക്ക് സമീപത്തായി സാമൂഹ്യപ്രവർത്തകൻ മാത്യൂസിന്റെ വീട്ടുമുറ്റത്താണ് പരിക്കേറ്റ നിലയിൽ പക്ഷിയെ കണ്ടെത്തിയത്. പക്ഷിയുടെ സൗന്ദര്യം കണ്ടു വിസ്മയിച്ച വീട്ടുകാർ പക്ഷി നിരീക്ഷകനും ജില്ലയിലെ ബേഡേഴ്സ് പക്ഷിനീരിക്ഷക കൂട്ടായ്മയിലെ അംഗവുമായ അനീഷ് ശശിദേവനെ വിവരമറിയിക്കുകയായിരുന്നു. അപൂർവ്വയിനത്തിലുള്ള ഈ കൊച്ചു മീൻ പിടിയനെ തിരിച്ചറിഞ്ഞത് അനീഷാണ്. ചുവന്നുതുടുത്ത നീണ്ട ചുണ്ടും വർണ്ണനിറങ്ങളിലുള്ള തൂവലുകളുമുള്ള മേനിപൊന്മാൻ, പൊന്മാനുകളിലെ കുഞ്ഞനാണ്. പത്തനംതിട്ട ജില്ലയിൽ കണ്ടെത്തുന്ന 335 -മത്തെ പക്ഷിയായി മേനിപൊന്മാൻ. ഓറിയന്റല്‍ ഡ്വാർഫ് കിംഗ്ഫിഷർ എന്ന ആംഗലേയ നാമമുള്ള ഈ പക്ഷിയുടെ ശാസ്ത്രനാമം (Ceyx erithaca ) എന്നാണ്. ഇന്ത്യയിൽ പശ്ചിമഘട്ട പ്രദേശത്തും തെക്കു-കിഴക്ക് ഏഷ്യൻ രാജ്യങ്ങളായ മ്യാന്മാർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന പക്ഷിയാണിത്. കേരളത്തിൽ താഴ്ന്ന വിതാനത്തിലുള്ള മലങ്കാടുകളാണ് ഇവയുടെ സ്വാഭാവിക ആവാസമെങ്കിലും ഇടനാടൻ പ്രദേശങ്ങളിലെ ജലസാന്നിദ്ധ്യമുള്ള വലിയകാവുകളോടു കൂടിയ സ്ഥലങ്ങളിലും കണ്ടൽപ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. അനീഷും മാത്യുസും ചേർന്ന് നൽകിയ പരിചരണത്തെത്തുടർന്ന് ആരോഗ്യം വീണ്ടെടുത്ത പക്ഷിയെ സ്വതന്ത്രനാക്കി.