കോന്നി : മണ്ണിടിച്ചിലുണ്ടായ പൊന്തനാംകുഴി നിവാസികളുടെ പുന:രധിവാസം ചർച്ച ചെയ്യാൻ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. ഇന്ന് വീണ്ടും ചർച്ച നടത്തും. താലൂക്ക് വികസന സമിതി യോഗ തീരുമാനപ്രകാരമാണ് പൊന്തനാംകുഴി പുന:രധിവാസം ചർച്ച ചെയ്യാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ സർവ്വകക്ഷി യോഗം ചേർന്നത്.

നിലവിൽ ജിയോളജി വകുപ്പ് കളക്ടർക്ക് കൈമാറിയ റിപ്പോർട്ട് അനുസരിച്ച് ഒട്ടും വാസയോഗ്യമല്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് വീട് നൽകണമെന്നും ഇവരെ വാടക വീട്ടിൽ താമസിപ്പിക്കണമെന്നും കേടുപാടുകൾ സംഭവിച്ച വീടുകൾ പൊളിച്ച് മാ​റ്റി പുതിയ വീടുകൾ നിർമ്മിച്ച് നൽകുകയും ചെയ്യണമെന്ന ആവശ്യത്തിൽ കോളനിവാസികൾ ഉറച്ച് നിന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. തുടർന്ന് 32 കുടുംബങ്ങളിലേയും ഓരോ അംഗങ്ങളെ ഉൾപ്പെടുത്തി ഇന്ന് വീണ്ടും വിഷയം ചർച്ച ചെയ്യാൻ യോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 21 നാണ് ശക്തമായ മഴയെ തുടർന്ന് പൊന്തനാംകുഴിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ പൊന്തനാംകുഴിയിൽ താമസിക്കുന്ന അഞ്ച് വീടുകൾ ഭീഷണിയിലാണെന്നും ഇവിടം വാസ യോഗ്യമല്ലെന്നും കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് രണ്ടരമാസമായി അഞ്ച് കുടുംബങ്ങൾ സമീപത്തെ അംഗൻവാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞുവരികയാണ്. ഡെപ്യൂട്ടി കളക്ടർ ആശ.ആർ. നായർ,കോന്നി തഹസിൽദാർ സോമനാഥൻ നായർ, സി .പി. ഐ സംസ്ഥാന കൗൺസിലംഗം പി.ആർ. ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എ. ദീപകുമാർ,കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി എബ്രഹാം, ലീലാരാജൻ,സി.പി.എം ഏരിയ ആക്ടിംഗ് സെക്രട്ടറി ശ്യാംലാൽ, അമ്പിളി വർഗീസ്, രാമചന്ദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.