തിരുവല്ല: കണ്ടുമുട്ടിയവരുടെയൊക്കെ ഹൃദയത്തിൽ സ്നേഹം നിറച്ചാണ്‌ എം.ജി.സോമൻ കടന്നുപോയതെന്ന് തിരക്കഥാകൃത്തും ചലച്ചിത്ര നടനുമായ രഞ്ജി പണിക്കർ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എം.ജി.സോമന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോഡുകൾക്ക് പേരിട്ട് എം.ജി.സോമനെ അനുസ്‌മരിക്കുകയല്ല വേണ്ടത്.പകരം അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മണ്ണിൽ അർത്ഥവത്തായ സ്മാരകമാണ് ഉണ്ടാകേണ്ടത്.എം.ജി.സോമൻ അഭിനയിച്ച ശക്തമായ കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും സോഷ്യൽ മീഡിയകളിലൂടെ നല്ല അനുസ്മരണം ലഭിക്കുന്നുണ്ട്. പലവിധ രൂപമാറ്റങ്ങളോടെ ഓരോസമയത്തും അതുയർന്നു വരുന്നു. മരിക്കും മുമ്പെങ്കിലും എനിക്ക് നല്ലൊരു കഥാപാത്രത്തെ തരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.അതിനുശേഷമാണ് സോമേട്ടനെ മാത്രം ഉദ്ദേശിച്ചു ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.ലേലം എന്ന സിനിമയുടെ വൻവിജയം പുതുതലമുറയിലും അദ്ദേഹത്തിന് കൂടുതൽ ആരാധകരെ നേടിയെടുക്കാൻ സാധിച്ചെന്നും രഞ്ജി പണിക്കർ പറഞ്ഞു. നടനും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി തിരൂർ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡോ.ബി.ജി.ഗോകുലൻ,എം.ഡി.ഗോപകുമാർ, കെ.ആർ.പ്രതാപചന്ദ്രവർമ്മ,ജെ.പീലിപ്പോസ് തിരുവല്ല,ശിവകുമാർ അമൃതകല,ഗോപകുമാർ,ആർ.ജയകുമാർ, സന്തോഷ്‌കുമാർ,പ്രകാശ്ബാബു,എം.സലിം,ഷാജി തിരുവല്ല എന്നിവർ പ്രസംഗിച്ചു.രാവിലെ കുറ്റൂർ മണ്ണടിപറമ്പിൽ വീട്ടിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് സിനിമാ വിചാരം എന്ന വിഷയത്തിൽ ശില്പശാലയും എം.ജി.സോമൻ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി ഇന്നെനിക്കൊരു പൊട്ടുകുത്താൻ നൃത്താവിഷ്കാരവും നടത്തി. വിവിധ മേഖലകളിലെ കലാപ്രതിഭകൾ ആദരിച്ചു. 22 വൃക്ഷതൈകൾ തിരുവല്ലയിൽ നട്ടുപിടിപ്പിച്ചു.