പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടക തിരക്ക് വർദ്ധിച്ചതോടെ പമ്പ മാലിന്യവാഹനിയാകുന്നതായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. അയ്യപ്പന്മാർ കുളിക്കുന്ന ആറാട്ടുകടവിൽ തടഞ്ഞു നിർത്തിയ വെള്ളത്തിൽ രോഗങ്ങൾ പരത്തുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് ആശങ്കാജനകമായ വിധത്തിൽ കൂടിയെന്ന് ബോർഡിന്റെ പരിസ്ഥിതി എൻജിനിയർ അലക്സാണ്ടർ ജോർജ് ജില്ലാ കളക്ടർക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പമ്പാ നദിയുടെ മുകൾ ഭാഗത്തുള്ള അണ തുറന്നുവിട്ട് പമ്പയിൽ ഒഴുക്കുവെള്ളം എത്തിക്കുകയാണ് പരിഹാരം.
ദിവസവും സെക്കൻഡിൽ അഞ്ച് ക്യുബിക് മീറ്റർ വെള്ളള്ളമെന്ന തോതിൽ ഒഴുക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു ദിവസം കൂടുമ്പോഴെങ്കിലും വെള്ളം ശക്തിയോടെ ഒഴുക്കണം.
ഒഴുക്കില്ലാത്തതു മാത്രമല്ല, സന്നിധാനത്തെ മാലിന്യപ്ളാന്റിൽ നിന്ന് പൂർണമായി ശുദ്ധീകരിക്കാത്ത വെള്ളം ഞുണുങ്ങാർ വഴി പമ്പയിലെത്തുന്നതും കോളിഫോം ബാക്ടീരിയ പെരുകാൻ കാരണമാണ്. നൂറ് മില്ലി ലിറ്റർ വെള്ളത്തിൽ ബാക്ടീരിയകളുടെ എണ്ണം 500 കടന്നാൽ മലിനജലമെന്നാണ് കണക്ക്. പമ്പയിൽ ഡിസംബർ രണ്ടിനു നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാകട്ടെ, 5100 ബാക്ടീരിയകളെ! തീർത്ഥാടനം തുടങ്ങിയ നവംബർ 18 ന് ആറാട്ടുകടവിൽ കോളിഫോം ബോക്ടീരിയയുടെ അളവ് 160 മാത്രമായിരുന്നു.
ഒരു ലിറ്റർ വെളളത്തിലെ ബയോകെമിക്കൽ ഒാക്സിജന്റെ അളവ് 4.7 മില്ലിഗ്രാം ആയിട്ടുണ്ട്. മൂന്ന് മില്ലി ഗ്രാമിൽ കൂടിയാൽ ആരോഗ്യത്തിന് ഭീഷണിയാകുമെന്നിരിക്കെയാണ് ഇത്.