പത്തനംതിട്ട: പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയുടെ നാലാംനിലയിൽ നിന്ന് ചാടിയ യുവാവ് പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൻപീടിക മല്ലേത്ത് വീട്ടിൽ ഷോബി ശാമുവേലാണ് (36) ആത്മഹത്യാ ശ്രമം നടത്തിയത്. കാലൊടിഞ്ഞ ഷോബിക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 11.45ഒാടെയായിരുന്നു സംഭവം. ഒന്നാംനിലയിലെത്തിയ ഷോബി എെ.സി.യുവിന് സമീപത്ത് നിന്നയാളോട് ഇവിടെ നിന്ന് ചാടിയാൽ മരിക്കുമോ എന്നു ചോദിച്ചിരുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞയാൾ സെക്യുരിറ്റിയെ വിളിക്കാൻ പോയപ്പോഴേക്കും ഷോബി താഴേക്കിറങ്ങി. തുടർന്ന് ലിഫ്റ്റ് വഴി നാലാം നിലയിലെത്തി.

കുരിശുവരച്ച് കർത്താവേ കാത്തോളണേ എന്നു വിളിച്ച് ഒരാൾ താഴേക്ക് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറഞ്ഞു. ആശുപത്രിക്കുളളിൽ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച ആഴം കുറഞ്ഞ കുളത്തിലേക്കാണ് ചാടിയത്. വെളളത്തിൽ വീണതിനാലാണ് ഗുരുതരമായി പരിക്കേൽക്കാതിരുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശബ്ദം കേട്ട് ഒാടിയെത്തിയവർ ക്രിസ്മസിന്റെ ഭാഗമായുള്ള വൈദ്യുത അലങ്കാരത്തിൽ നിന്ന് ഷോക്കേറ്റതാണെന്ന് കരുതി ആദ്യം മാറി നിന്നു. തുടർന്ന് വൈദ്യുതി ഒാഫാക്കിയ ശേഷം, അബോധാവസ്ഥയിൽ കിടന്ന ഷോബിയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉടനെ ബോധം തെളിയുകയും ചെയ്തു.

കുടുംബപ്രശ്നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് ഇയാൾ ആശുപത്രി അധികൃതരോടും പൊലീസിനോടും പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മാനസിക പ്രശ്നത്തിന് ഷോബി മുത്തൂറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിരുന്നു.